കൊച്ചി:
ജില്ലയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറവില്ലാതെ തുടരുന്നതിനിടയിലും കൊച്ചി നഗരത്തിൽ തിരക്ക് കൂടിവരികയാണ്. കോവിഡ് പശ്ചാത്തലത്തില്‍ നഗരത്തിനുള്ളില്‍ പൊതുഗതാഗത സംവിധാനം കാര്യമായി കുറഞ്ഞതോടെ കൂടുതൽ പേരും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നതാണ് വാഹനത്തിരക്ക് കൂടാൻ കാരണമാകുന്നത്. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ചതോടെ നഗരത്തിലെ ഒട്ടുമിക്ക വാഹന പാര്‍ക്കിംഗ് കേന്ദ്രങ്ങളും പകല്‍ സമയം തിങ്ങിനിറഞ്ഞ അവസ്ഥയിലുമാണ്. ഇതേത്തുടര്‍ന്ന് തിക്കേറിയ പ്രധാന ജംഗ്ഷനുകളില്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ പാതയോരത്താണ് പാര്‍ക്ക് ചെയ്യുന്നത്.
ബസ് സര്‍വീസുകൾ വെട്ടിക്കുറച്ചതോടെ ഇരുചക്ര വാഹനം ഉള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം ഗണ്യമായി വര്‍ദ്ധിച്ചു. മെട്രോ സര്‍വീസ് പുനരാരംഭിച്ചെങ്കിലും രാവിലെയും വൈകുന്നേരവും മാത്രമാണ് കൂടുതൽ യാത്രക്കാരുള്ളത്. മാളുകള്‍, ഷോപ്പിംഗ് കോംപ്ലക്സുകള്‍ എന്നിവിടങ്ങളിലും വാഹനങ്ങള്‍ തിങ്ങി നിറയുകയാണ്.
രോഗവ്യാപന ഭീതി ഇപ്പോഴും നിലനില്‍ക്കുന്നതിനാൽ പൊതുസ്ഥലങ്ങളിലെ ആൾക്കൂട്ടത്തിൽ ആരോഗ്യ വിദഗ്ദ്ധരും ആശങ്ക പ്രകടിപ്പിക്കുന്നു. സ്വകാര്യ വാഹനങ്ങളുമായി ആളുകള്‍ നിരത്തിലിറങ്ങാന്‍ തുടങ്ങിയതോടെ രാവിലെയും വൈകുന്നേരങ്ങളിലും നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലെല്ലാം ഗതാഗതക്കുരുക്ക് ആരംഭിച്ചു. എംജി റോഡ്, ബാനര്‍ജി റോഡ്, കലൂര്‍, പാലാരിവട്ടം, ഇടപ്പള്ളി, ഹൈക്കോടതി ജംഗ്ഷന്, വൈറ്റില, പൊന്നുരുന്നി, കടവന്ത്ര, പൈപ്പ്ലൈന് ജംഗ്ഷന് എന്നിവിടങ്ങളിലെല്ലാം മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
ഒരുമാസം മുമ്പ് സ്മാര്‍ട്ട് മിഷന് പദ്ധതിയുടെ ഭാഗമായി നഗരത്തിലെ ഗതാഗത നിയന്ത്രണം ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറ്റിയിരുന്നു. ഏറെ നേരം സിഗ്നലില്‍ കിടക്കുന്നത് ഒഴിവാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് പരിഹാരമെന്നോണമാണ് സംവിധാനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇപ്പോഴും പഴയപടി സിഗ്നലിനായി ഒരുപാട് നേരം കാത്തു കിടക്കേണ്ട സാഹചര്യം തന്നെയാണ് ഉള്ളതെന്ന് സ്വകാര്യ വാഹന യാത്രക്കാര്‍ പറയുന്നു.
കോവിഡ് പ്രോട്ടോക്കോൾ ലംഘനം കണ്ടെത്താനായി നിയോഗിച്ച സെക്ടർ മജിസ്ട്രേട്ടുമാർ നഗരത്തിൽ നടത്തിയ പരിശോധനയിൽ മിക്കയിടങ്ങളിലും ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നില്ലെന്നും കണ്ടെത്തി. ഇതിനെ തുടർന്ന് എറണാകുളം സെൻട്രൽ മേഖലയിൽ ഉള്ള നിരവധി പേരിൽ നിന്നു പിഴയീടാക്കി. മറൈൻ ഡ്രൈവ്, ക്വീൻസ് വോക്വേ തുടങ്ങിയ സ്ഥലങ്ങളിൽ ആളുകൾ സാമൂഹിക അകലം പാലിക്കുന്നില്ലെന്നും കണ്ടെത്തി. മാസ്ക് ധരിക്കാത്ത വിരുതന്മാരും ഉണ്ട്. അവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഈ തിരക്കുകൾക്കെല്ലാം ഇടയിൽ ഫോര്‍ട്ട് കൊച്ചി ബീച്ചും സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചേ ആളുകള്‍ ബീച്ചിലേക്ക് പ്രവേശിക്കാവൂ എന്ന കർശന നിർദ്ദേശവും അവിടെ നിലനിൽക്കുന്നുണ്ട്. സന്ദർശകരുടെ സുരക്ഷയ്ക്കായി നടപ്പാതകളിലും ഇരിപ്പിടങ്ങളിലും രണ്ടു മീറ്റര്‍ അകലം പാലിക്കാനുള്ള സൂചകങ്ങള്‍ രേഖപ്പെടുത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഹോട്ടലുകള്‍, കച്ചവടസ്ഥാപനങ്ങള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവിടങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്നത് ഉറപ്പു വരുത്തുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കേരളത്തിൽ ഏറ്റവും കൂടുതല്‍ വിദേശ വിനോദസഞ്ചാരികള്‍ എത്തുന്ന ഇടം കൂടിയാണ് ഫോർട്ട് കൊച്ചി.