Mon. Dec 23rd, 2024
തോപ്പുംപടി:

കോടമഞ്ഞിൽ പൊതിഞ്ഞ് കൊച്ചി ഇന്ന് സുന്ദരിയായിരുന്നു. തോപ്പുംപടിയിലെ വാക്ക് വേ, ഹാർബർപാലം,ബിഒടി പാലം, പെരുമ്പടപ്പ്‌ – കുമ്പളങ്ങിപാലം, കണ്ണങ്ങാട് – ഐലന്റ് പാലം, എഴുപുന്ന – കുമ്പളങ്ങി പാലം, തേവര പാലം, ഗോശ്രീ പാലം എന്നിവിടങ്ങളിലാണ് കോടമഞ്ഞ് മൂടിയത്.

ഈ ഭാഗങ്ങളിൽ പ്രഭാത സവാരിക്ക് എത്തിയവർ പലരും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയും സെൽഫിയും എടുത്തുമാണ് മടങ്ങിയത്.
ഫോർട്ട്കൊച്ചി കടപ്പുറത്തും കോട മഞ്ഞിനാൽ വിസ്മയം തീർത്തു. നേരം പുലർന്നിട്ടും സൂര്യോദയം കാണാൻ കഴിയാത്ത സ്ഥിതിയായിരുന്നു. അന്തരീക്ഷ മലിനീകരണംമൂലമുണ്ടാകുന്ന പൊടിപടലങ്ങളും മഞ്ഞും ചേർന്നുള്ള അനാരോഗ്യ മൂടലല്ല ഇതെന്ന ശുഭവാർത്തയും ഒപ്പമുണ്ട്. മഴപെയ്തു രാത്രികാലങ്ങളിലെ കാർമേഘങ്ങൾ ഒഴിഞ്ഞതും അന്തരീക്ഷം പൊടിയും ഈർപ്പവുമൊഴിവായി തെളിഞ്ഞതുമാണു രാവിലത്തെ മഞ്ഞിനു കാരണമായി വിദഗ്ധർ പറയുന്നത്.

Misty Morning In Kochi
Misty Morning In Kochi, pic (c) ;ktexplorer

കോടമഞ്ഞിനാൽ  പ്രഭാത സവാരിക്കിറങ്ങിയവരും പുലർച്ചെ യാത്രയ്ക്കൊരുങ്ങിയവരുമൊക്കെ ബുദ്ധിമുട്ടിലായി . ഉയരമുള്ള കെട്ടിടങ്ങൾക്കു ചുറ്റും മഞ്ഞു വ്യാപിച്ചതോടെ താഴേക്കുള്ള കാഴ്ചയും മങ്ങി. ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവർക്കും കോടമഞ്ഞ് ഏറെ ദോഷം ചെയ്യും തോപ്പുംപടി സ്വദേശിയായ വീട്ടമ്മ  വോക്ക് മലയാളത്തോട് പ്രതികരിച്ചു.

കൂടാതെ കായൽ പ്രദേശങ്ങളിൽ കനത്ത മഞ്ഞാണ് അനുഭവപ്പെട്ടത്.കായലോരത്തെ റോഡുകളിലൂടെയുള്ള വാഹനങ്ങളുടെ യാത്രയും സാവധാനമായിരുന്നു. വർഷങ്ങളായി കൊച്ചിയിൽ ഇത്തരത്തിൽ കോടമഞ്ഞ് ഇറങ്ങാറുണ്ട്’ കൊച്ചി സ്വദേശി അഖിൽ വോക്ക് മലയാളത്തോട് പ്രതികരിച്ചു.രാവിലെ 9 മണിയോടെ സൂര്യപ്രകാശം ശക്തിയാർജിച്ചതോടെയാണു മഞ്ഞ് ശമിച്ചത്. മഞ്ഞിനൊപ്പം പ്രത്യേക തരം ഗന്ധവും അനുഭവപ്പെട്ടിരുന്നു. അത്  കൂടുതൽ ഭീതിയുളവാക്കി എന്ന് പരിസരവാസികൾ പറയുന്നു.