Fri. Nov 22nd, 2024
Muralee Thummarukudy praising kerala government for excellence in covid prevention method

കൊവിഡ് 19 വൈറസ് കൊല്ലുമായിരുന്ന പതിനായിരക്കണക്കിന് ജീവനുകൾക്ക് സംരക്ഷണം നൽകിയത് തന്നെയാണ് കേരളത്തിന്റെ കൊവിഡ് പോരാട്ടം ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാണെന്ന് പ്രശംസിക്കാൻ കാരണമെന്ന് യുഎന്‍ ദുരന്തലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി.

സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ ശരിയായ നയങ്ങളും ഇടപെടലുകളും ആരോഗ്യ സംവിധാനവും കേരളത്തിന് കൊവിഡിനെ പരാജയപ്പെടുത്താൻ എങ്ങനെ സഹായകരമായെന്ന് അക്കമിട്ട് നിരത്തിയിരിക്കുകയാണ് തുമ്മാരുകുടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ.

നിലവിൽ കീരിക്കാടൻ ചത്തേ (കൊറോണയെ വിജയിച്ചു) എന്ന് പറഞ്ഞ് നമുക്ക് ആഹ്ലാദിക്കാൻ സമയമായിട്ടില്ലെങ്കിലും, കഴിഞ്ഞ ജനുവരിയിൽ കൊറോണ കേരളത്തിൽ എത്തിയതിൽ പിന്നെ ഏറ്റവും ആത്മവിശ്വാസം ലഭിക്കുന്ന സാഹചര്യത്തിലാണ് നാം ഇപ്പോൾ നിൽക്കുന്നതെന്ന് മുരളി തുമ്മാരുകുടി പറയുന്നു.

“കേരളത്തിൽ ആദ്യത്തെ കൊറോണ വന്ന സമയത്ത് കൊറോണ എത്തിയ മറ്റു പല നാടുകളിലും ഏപ്രിൽ മാസം ആയപ്പോഴേക്കും കേസുകളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിരുന്നു. എന്നാൽ, കേരളത്തിൽ ആയിരം എന്ന സംഖ്യയിലേക്ക് പ്രതിദിന കൊവിഡ് കേസുകൾ എത്താൻ വീണ്ടും ഒരുപാട് ദിവസങ്ങൾ എടുത്തു. അക്കാലത്ത് ലോകത്തെ ശരാശരി മരണനിരക്ക് മൂന്ന് ശതമാനമാണ് (ചില രാജ്യങ്ങളിൽ 10% വരെയായി). പിന്നീട് കേരളം പതിനായിരം പിന്നിട്ടപ്പോഴും ആകെ മരിച്ചവരുടെ എണ്ണം  ഇപ്പോഴും 1943 ആണ്, തുമ്മാരുകുടി കുറിച്ചു.

“ഇന്ന് ലോകത്തെ മൊത്തം കേസുകളുടെ എണ്ണം 56,648,418 ആണ്, മരിച്ചവരുടെ എണ്ണം 1,356,547, (അതായത് മരണ ശതമാനം 2.39%. വേൾഡോ മീറ്റർ). ഈ നിരക്കിലാണ് കേരളത്തിൽ മരണം സംഭവിച്ചിരുന്നതെങ്കിൽ കേരളത്തിൽ കുറഞ്ഞത് 12929 മരണം ഉണ്ടായേനെ !,” തുമ്മാരുകുടി കൂട്ടിച്ചേർത്തു.

Muralee Thummarukudy
Picture Courtesy: Facebook; Muralee Thummarukudy

“ശരിയായ നയങ്ങൾ കൊണ്ടും ഇടപെടൽ കൊണ്ടും സർക്കാർ പതിനായിരക്കണക്കിന് ജീവൻ രക്ഷിച്ചെങ്കിലും എന്നാൽ ഈ രക്ഷിക്കപ്പെട്ടത് ആരുടെ ജീവനാണ് എന്ന് ആർക്കും അറിയില്ല, ഇനിയൊട്ട് അറിയാനും പോകുന്നില്ല. ഇത് നിങ്ങളോ ഞാനോ ആകാം. പക്ഷെ അത് അറിയാത്തിടത്തോളം കാലം നമുക്കതിൽ വലിയ അഭിമാനമോ അതിശയമോ ഇല്ല. ‘ഇതൊക്കെ എന്ത്’ എന്ന് ചിന്തിച്ചിരിക്കുന്നതിനാൽ നമുക്ക് ആർക്കും നന്ദി പറയാനുമില്ല,” തുമ്മാരുകുടി പറയുന്നു.

ദുരന്തനിവാരണമെന്നാൽ ‘thankless job’ ആണെന്ന് ആദ്യം തന്നെ പരിഹാസ രൂപേണ മുരളി തുമ്മാരുകുടി പറഞ്ഞുവെച്ചിട്ടുണ്ടായിരുന്നു.

കൊവിഡിനെ പ്രതിരോധിക്കുന്നതിനൊപ്പം വൈറസ് വ്യാപനത്തെ കുറിച്ച് ശാസ്ത്രീയമായി പഠിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞത് കൊവിഡിനെ ചെറുത്തു  തോൽപ്പിക്കുന്നതിൽ വലിയ മുതൽക്കൂട്ടായി. നിലവിലുണ്ടായിരുന്ന ആരോഗ്യ സംവിധാങ്ങളെയും സൗകര്യങ്ങളെയുംക്കാൾ കുറവ് കേസുകൾ നിലനിർത്താൻ സമ്പന്നരാജ്യങ്ങൾക്ക് പോലും സാധിക്കാതിരുന്നപ്പോൾ കേരളത്തിന് സാധിച്ചുവെന്ന് തുമ്മാരുകുടി പറയുന്നു.

കൊറോണക്കാലത്ത് നമ്മുടെ സർക്കാർ ചെയ്ത ഏറ്റവും നല്ല കാര്യം ഈ വിഷയത്തിൽ അറിവുള്ളവരുടെ ഉപദേശം തേടി എന്നതാണ്. അതേസമയം, ആരോഗ്യ വിഭാഗം മാത്രം നോക്കാതെ മറ്റുള്ള എല്ലാ വിഷയങ്ങളെയും പറ്റി ചിന്തിച്ച് പൊതുജനങ്ങളുടെ ക്ഷേമം നോക്കാനും സർക്കാരിന് സാധിച്ചുവെന്ന് തുമ്മാരുകുടി പറയുന്നു. അതുകൊണ്ടാണ്, എസ് എസ് എൽ സി അടക്കമുള്ള ബോർഡ് പരീക്ഷകളും എൻട്രൻസ് പരീക്ഷകളും മഹാമാരിയ്ക്ക് ഇടയിൽ നടത്തി കുട്ടികളുടെ നഷ്ടമാകേണ്ടിയിരുന്ന ഒരു വിദ്യാഭ്യാസ വർഷം രക്ഷിച്ചതെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.

മുഖ്യമന്ത്രിയുടെ നേരിട്ടുള്ള വാർത്താസമ്മേളനം വ്യാജവാർത്തകൾക്ക് തടയിട്ടെന്നും തുമ്മാരുകുടി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയും, ആരോഗ്യമന്ത്രിയും, ആരോഗ്യ വകുപ്പും, പോലീസ്, റെവന്യൂ, ആരോഗ്യം, തൊഴിൽ, സിവിൽ സപ്പ്ളൈസ് തുടങ്ങിയ എല്ലാ വകുപ്പുകളും, ത്രിതല പഞ്ചായത്ത് സംവിധാനത്തിലെ എല്ലാ തലങ്ങളും ഒരുമിച്ച് ഒരേ ലക്ഷ്യത്തോടെ ദീർഘകാലം പ്രവർത്തിച്ചു. ഇത് ‘whole of Government’ രീതിയുടെ ഉത്തമ മാതൃകയാണ് മുരളി തുമ്മാരുകുടി കൂട്ടിച്ചേർത്തു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

By Arya MR