Mon. Dec 23rd, 2024
Kerala Highcourt

കൊച്ചി:

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന സര്‍ക്കാരിന്‍റെയും നടിയുടെയും ഹര്‍ജി ഹെെക്കോടതി തള്ളി. അപ്പീല്‍ നല്‍കാന്‍ സ്റ്റേ അനുവദിക്കണമെന്ന സര്‍ക്കാരിന്‍റെ ആവശ്യവും തള്ളി. കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് സര്‍ക്കാരും നടിയും കോടതിയില്‍ പറഞ്ഞിരുന്നു.

ഹര്‍ജി തള്ളികൊണ്ട് കോടതി പറഞ്ഞ വാചകം യഥാര്‍ത്ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെങ്കില്‍ കോടതിയും പ്രൊസിക്യൂഷനും അതുപോലെ തന്നെ പ്രതിഭാഗവും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നാണ്. എന്നാല്‍ മാത്രമെ കേസിലെ യഥാര്‍ത്ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയുള്ളു എന്നാണ് കോടതി പറഞ്ഞത്.  നിലവിലെ സാഹചര്യത്തില്‍ വിചാകരണ കോടതി മാറ്റണം എന്നാവശ്യം പരിഗണിക്കാന്‍ ആവില്ല എന്നും ഹര്‍ജി തള്ളി കൊണ്ട് കോടതി വ്യക്തമാക്കി.

സിംഗിള്‍ ബെഞ്ച് ജഡ്ജി വിജി അരുണിന്റേതാണ് ഉത്തരവ്‌. വിചാരണ കോടതി മാറ്റുന്നത് തെറ്റായ കീഴ്‍വഴക്കം സൃഷ്ടിക്കുമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു.

സംസ്ഥാനസര്‍ക്കാരിന് ഉത്തരവില്‍ എതിര്‍പ്പുണ്ടെങ്കില്‍ തിങ്കളാഴ്ച കോടതിയെ സമീപിക്കാം. അതേസമയം, ഈ ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും അതിനാല്‍ വിചാരണ ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്‍റെ ആവശ്യവും കോടതി അംഗീകരിച്ചില്ല.

https://www.youtube.com/watch?v=zbFa2lnvBXU

 

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ സര്‍ക്കാരും നടിയും ഗുരുതര ആരോപണങ്ങള്‍ ആയിരുന്നു നേരത്തെ മുതല്‍ ഉന്നയിച്ചത്. വിചാരണക്കോടതി മാറ്റണമെന്ന നടിയുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിക്കുമ്പോഴാണ് വിചാരണക്കോടതിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.

കേസില്‍ ക്രോസ് വിസ്താരത്തിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് സര്‍ക്കാര്‍ ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടികാട്ടി അപ്പോള്‍ തന്നെ പരാതി നല്‍കിയെങ്കിലും പരിഗണിക്കപ്പെട്ടില്ലായെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

വിചാരണക്കോടതി പ്രോസിക്യൂഷനോട് മുന്‍വിധിയോടെ പെരുമാറി. പല ചോദ്യങ്ങളും ഇരയെ അപമാനിക്കുന്ന തരത്തില്‍ ആയിരുന്നു. വനിത ജഡ്ജി ആയിട്ട് പോലും ഇരയുടെ അവസ്ഥ മനസിലാക്കിയില്ലെന്ന് സര്‍ക്കാര്‍ ആരോപിച്ചു. നടി പലപ്പോഴും കോടതി മുറിയില്‍ കരയുന്ന സാഹചര്യമുണ്ടായിയെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. നടിയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

 

By Binsha Das

Digital Journalist at Woke Malayalam