കൊച്ചി:
പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻമന്ത്രി അറസ്റ്റിലായതിന് പിന്നാലെ നിലവിലെ വ്യവസായ സെക്രട്ടറിയേയും പ്രതിചേർത്തു. കേസിൽ മുഹമ്മദ് ഹനീഷ് ഐഎഎസിനെയാണ് വിജിലൻസ് പ്രതി ചേർത്തിരിക്കുന്നത്. നിർമ്മാണ കരാർ നൽകുമ്പോൾ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ എംഡിയായിരുന്നു മുഹമ്മദ് ഹനീഷ്.
കരാറുകാരന് അനധികൃതമായി വായ്പ അനുവദിക്കാൻ കൂട്ടു നിന്നു. കരാറുകാരനിൽ നിന്നും സുരക്ഷാനിക്ഷേപം ഈടാക്കുന്നതിൽ വീഴ്ച വരുത്തി എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിജിലൻസ് ഹനീഷിനെ പ്രതി ചേർത്തിരിക്കുന്നത്.
പാലാരിവട്ടം പാലത്തിൻ്റെ നിർമ്മാണ കമ്പനിക്ക് മുൻ സർക്കാർ അനധികൃതമായി 8.25 കോടി രൂപയുടെ വായ്പ അനുവദിച്ചിരുന്നു. പാലം നിർമ്മാണത്തിനുള്ള ടെൻഡർ വ്യവസ്ഥകൾ ലംഘിച്ചാണ് വായ്പ അനുവദിച്ചത്. കരാർ കമ്പനിയായ ആർഡിഎസ്സിന് എട്ടേക്കാൽ കോടി രൂപ മുൻകൂറായി നൽകാൻ ശുപാർശ നൽകിയത് മുഹമ്മദ് ഹനീഷാണെന്നായിരുന്നു കേസ്സിൽ അറസ്റ്റിസായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് നൽകിയ മൊഴി.
അതേസമയം, ഈ കേസിൽ ഇന്ന് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പാലം രൂപകല്‍പന ചെയ്ത ബെംഗളൂരുവിലെ നാഗേഷ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ ഉടമ നാഗേഷിനെ വിജിലന്‍സ് ബുധനാഴ്ച മുതല്‍ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നാണ് സൂചന.
https://www.youtube.com/watch?v=jxsql_sAEL8