Thu. Apr 25th, 2024
അതിരപ്പള്ളിക്ക് ബദലായി ആനക്കയം പദ്ധതി ആർക്ക് വേണ്ടി?
തൃശ്ശൂർ:

പ്രളയത്തില്‍ നിന്നും പരസ്ഥിതി നാശം സൃഷ്ടിച്ച വിപത്തുകളില്‍ നിന്നും കേരളം ഒന്നും പഠിക്കുന്നില്ല. ഓരോ പ്രളയം കഴിയുമ്പോഴും പലതും പഠിച്ചു എന്ന് സ്വയം വിശ്വസിച്ചു വീണ്ടും വീണ്ടും ഭൂമിക്ക് ചരമഗീതം രചിക്കുകയാണ് കേരളത്തിലെ സർക്കാര്‍. അതിന് ഉത്തമ ഉദാഹരണമാണ് ആനക്കയം ജലവൈദ്യുത പദ്ധതി. അതിരപ്പിള്ളി പദ്ധതിയിൽ മുട്ടുമടക്കിയ സർക്കാർ ആ കുറവ് നികത്താൻ ആനക്കയം പദ്ധതിയുമായി രംഗപ്രവേശനം നടത്തിയിരിക്കുകയാണ്. വികസനം വെറും പ്രഹസനമാകുമ്പോൾ പ്രദേശത്തെ ആവാസ വ്യവസ്ഥ നശിക്കാനും, ആദിവാസി വനാവകാശങ്ങൾ ലംഘിക്കപ്പെടാനും കാരണമാകുന്നു.

 

എന്താണ് ആനക്കയം പദ്ധതി

 

കേരള ഷോളയാര്‍ ജലവൈദ്യുത പദ്ധതിയുടെ പവര്‍ഹൗസില്‍ നിന്നും പുറത്ത് വരുന്ന വെള്ളം, വീണ്ടും ഒരു ടണലിലൂടെയും ടര്‍ബൈനിലൂടെയും കടത്തിവിട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനാണ് ആനക്കയം ചെറുകിട ജലവൈദ്യുത പദ്ധതി ലക്ഷ്യമിടുന്നത്. ഇതിലൂടെ പ്രതിവര്‍ഷം 22.5 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നാണ് കെഎസ്ഇബിയുടെ അവകാശവാദം. 5 മെഗാവാട്ട് പദ്ധതിക്ക് 150 കോടി രൂപയാണ് ചിലവ്! അതായത് 1 മെഗാവാട്ടിന് 20 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അണക്കെട്ട് വേണ്ട എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.

anakkayam
ആനക്കയം Pic (c): Thejas

പദ്ധതി പരിസ്ഥിതി വിനാശത്തിന്

കേരളത്തിലെ ഏറ്റവും വലിയ നിത്യഹരിത മഴക്കാടുകളില്‍ ഒന്നായ ഷോളയാര്‍ മഴക്കാടുകളിലെ എട്ട് ഹെക്ടര്‍ വനമാണ് വനം വകുപ്പ് ഈ പദ്ധതിക്കായി വിട്ടു നല്കിയിരിക്കുന്നത്. ഇവിടെയുളള 1897 മരങ്ങളും അതിലധികം ചെറുമരങ്ങളും പദ്ധതിയുടെ ഭാഗമായി മുറിച്ചു മാറ്റേണ്ടി വരും. ഈ അടുത്ത് തന്നെ അതിനുള്ള നടപടികളും ആരംഭിക്കും.അതീവ സമ്പന്നമായ നിബിഡവനങ്ങളാണ് ഈ പദ്ധതിക്കായി മുറിച്ച് മാറ്റാന്‍ ശ്രമിക്കുന്നത്. അതില്‍ 15 ഏക്കര്‍ പറമ്പിക്കുളം കടുവ സങ്കേതത്തിന്റെ ബഫര്‍ സോണില്‍ ആണ്.

ആനകളും കടുവകളും ഉള്‍പ്പടെയുള്ള സസ്തനികളും മറ്റു വിഭാഗം ജന്തുക്കളും ധാരാളമായി കാണപ്പെടുന്ന മേഖലയാണ് ആനക്കയം.ഈ പ്രദേശത്തിന് സമീപത്ത് 2018ലെ വെള്ളപ്പൊക്ക സമയത്ത് വലിയ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. അന്ന് കിടപ്പാടം നഷ്ടപ്പെട്ട ആനക്കയം ഊരിലെ ആദിവാസികള്‍ക്ക് ഇതുവരെ പുനരധിവാസം സാധ്യമായിട്ടില്ല. കൂടാതെ ആനകളുടെയും മത്സ്യങ്ങളുടെയും സംരക്ഷണത്തിനുവേണ്ടി ഈ മേഖലകള്‍ വന്യജീവിസങ്കേതമോ ദേശീയോദ്യാനമോ ആക്കിമാറ്റണമെന്ന് നാഷണല്‍ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക് റിസോഴ്സസ്, ഇന്ത്യ, ഏഷ്യന്‍ നേച്ചര്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റി എന്നിവ ശുപാര്‍ശ ചെയ്തിട്ടുള്ളതുമാണ്. കൂടാതെ, ഗാഡ്ഗില്‍ കമ്മിറ്റിയും കസ്തൂരിരംഗന്‍ കമ്മിറ്റിയും പരിസ്ഥിതിലോലപ്രദേശമായി കണ്ടെത്തിയ പ്രദേശത്ത് കൂടിയാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്.

മലയിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുന്ന മേഖലയില്‍ വീടുകള്‍ പോലും നിര്‍മ്മിക്കരുതെന്നാണ് സര്‍ക്കാര്‍ തീരുമാനം ഉള്ളപോലെ തന്നെ. നാടിന് ആവശ്യമില്ലാത്ത പദ്ധതിയുടെ പേരില്‍ 5 കി.മീ.നീളത്തില്‍ സ്‌ഫോടനത്തിലൂടെ പാറ പൊട്ടിച്ച് മല തുരക്കാന്‍ ശ്രമിക്കുകയാണ്. ഇത് ഈ മേഖലയെ കൂടുതല്‍ ദുര്‍ബലമാക്കുകയും പുതിയ മലയിടിച്ചിലുകള്‍ക്ക് സാധ്യത ഒരുക്കുകയും ചെയ്യും. ദുരന്ത സാധ്യതകള്‍ പരമാവധി ഒഴിവാക്കണമെന്ന് ദുരന്തനിവാരണ നിയമം പറയുമ്പോള്‍, ഇവിടെ ദുരന്ത സാധ്യത വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തിക്കായി തയ്യാറെടുക്കുകയാണ് വൈദ്യുതി ബോര്‍ഡ്.

Kadalundi River in Anakkayam pic (c) ; Wikipedia
Kadalundi River in Anakkayam ; Pic (c): Wikipedia

കൂടാതെ മൂന്നരമീറ്റര്‍ വ്യാസത്തില്‍ അഞ്ചര കിലോമീറ്റര്‍ ദൂരം മല തുരന്ന് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയ്ക്ക് വേണ്ടി വന്‍തോതില്‍ മരംമുറി നടത്തുമ്പോൾ ആവാസ വ്യവസ്ഥ തകരുന്നതോടെ കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങി മലയോര മേഖലയില്‍ വന്‍തോതില്‍ കൃഷിനാശം വരുത്തും ഇത് പ്രദേശത്ത് കർഷകർക്കും വൻ തിരിച്ചടിയാകും .

‘പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ ബഫര്‍ സോണില്‍ വരുന്ന… മലയിടിച്ചിലും ഉരുള്‍പൊട്ടലും പതിവായ… ഇത്തരമൊരു പ്രദേശത്ത് യാതൊരു പാരിസ്ഥിതികാഘാത പഠനവും നടത്താതെ പുതിയ പദ്ധതികള്‍ കൊണ്ടുവരുന്നത് യുക്തിരഹിതമാണ്. ചെറുകിട ജല വൈദ്യുത പദ്ധതികളെല്ലാം തന്നെ നഷ്ടത്തില്‍ ആണ്. വീണ്ടും ഇത്തരത്തിൽ ഒരു സാമ്പത്തിക ചിലവുകളുള്ള പദ്ധതികളുമായി വരുന്നത് കെഎസ്ഇബി യിലെ ഉദ്യോഗസ്ഥരുടെ സ്ഥാപിത താത്പര്യങ്ങള്‍ മൂലമാണ്,’ ചാലക്കുടിപ്പുഴ സംരക്ഷണസമിതി സെക്രട്ടറി എസ് പി രവി വോക്ക് മലയാളത്തോടെ പറഞ്ഞു.

ആദിവാസികൾക്ക് നീതി നിഷേധിക്കപ്പെടുമ്പോൾ

‘വനാവകാശ നിയമത്തിന്റെ കടുത്ത ലംഘനമാണ ആനക്കയം പദ്ധതി. അവിടുത്തെ വനവും  ജൈവവൈവിധ്യവും സംരക്ഷിക്കുക എന്നത് അവിടുത്തെ ജനങ്ങളുടെ അവകാശവും നിയമപരമായിട്ടുള്ള ബാധ്യതയുമാണ്. അതുകൊണ്ടു തന്നെ അവരുടെ അവകാശം സംരക്ഷിക്കുക എന്നത് പോലീസിന്റെയും  സർക്കാരിന്റെയും കടമയാണ്. എന്നാൽ ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥരോ മറ്റും പദ്ധതിക്കൊപ്പം നിന്നാൽ അവർക്കെതിരെ നിയമ നടപടി അവിടുത്തെ ജനങ്ങൾക്ക് സ്വീകരിക്കാവുന്നതാണ്’ യുഎൻ കൺവെൻഷൻ ഓൺ ബയോഡൈവേഴ്‌സിറ്റിയുടെ അഭിഭാഷകനും പരിസ്‌ഥിതിപ്രവർത്തകനുമായ ഡോ. ഫൈസി വോക്ക് മലയാളത്തോട് പ്രതികരിച്ചു.

ഇന്ത്യയിലെ ജാതികൾ അതിന്റെ സ്വഭാവം, പ്രവർത്തനം, ഉത്ഭവം എന്ന പുസ്‌തകത്തിൽ ജെ എച്ച്‌ ഹട്ടൻ, കാടർ ഗിരിവർഗത്തിന്റെ പ്രാധാന്യം എടുത്തുപറയുന്നുണ്ട്‌. ഒരുപക്ഷേ, ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രാചീനമായ ഗിരിജനങ്ങളാണ്‌ കൊച്ചി സംസ്ഥാനത്തെ കാടർ. കാടർ ഗിരിവർഗത്തിന്റെ പ്രാധാന്യം പല നരവംശ പഠനങ്ങളിലും വ്യക്തമായിട്ടുണ്ട്‌. ചാലക്കുടി നദീതടത്തിലെ വനങ്ങളിൽ മാത്രം കണ്ടിരുന്ന ഇവർ പ്രാചീന വേട്ടക്കാരും ഭക്ഷണം സമാഹരിക്കുന്നവരുമാണ്.‌ സെൻസസ്‌ പ്രകാരം ഇവരുടെ സംഖ്യ 1500ൽ താഴെയാണ്.‌ പൂർണ്ണമായും വനത്തെയും ചെറിയ വന്യജീവികളെയും നദിയിലെ മത്സ്യങ്ങളെയും കിഴങ്ങുകൾ, തേൻ, മറ്റ്‌ ചെറിയ വന ഉത്പന്നങ്ങളേയും ആശ്രയിച്ച്‌ കാട്ടിൽ തന്നെയാണ്‌ ഇവരുടെ ജീവിതം.

കാടർ കുടി
കാടർ കുടി Pic (c) : Azhimukham

2006 വനാവകാശനിയമം അനുസരിച്ച് ആദിവാസികൾക്ക് രണ്ട് തരത്തിലാണ് വനാവകാശം നല്‍കുന്നത്. വ്യക്തിഗത വനാവകാശവും സാമൂഹിക വനാവകാശവും. ഓരോ ആദിവാസികുടുംബത്തിനും താമസിക്കാനായി അനുവദിച്ചുനല്‍കുന്ന സ്ഥലത്തിന് വ്യക്തിഗത അവകാശവും പൊതുവിലുള്ള ഭൂമിക്ക് സാമൂഹിക അവകാശവുമാണ് നല്‍കുക.

വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷനില്‍ വരുന്ന മലക്കപ്പാറ ചെക്ക്‌പോസ്റ്റ് മുതല്‍ അതിരപ്പിള്ളിയ്ക്ക് താഴെ കണ്ണന്‍കുഴി തോട് വരെ വരുന്ന മേഖല ഇവിടുത്തെ ഒമ്പത് ഊരുകളുടെ സംയുക്ത സാമൂഹിക വനവിഭവമേഖലയാണ്. കാടര്‍ ആദിവാസി ഊരുകളായ വാഴച്ചാല്‍, പൊകലപ്പാറ, പെരിങ്ങല്‍ക്കുത്ത്, മുക്കംപുഴ, വാച്ചുമരം, ആനക്കയം, ഷോളയാര്‍, പെരുമ്പാറ തുടങ്ങിയവയും മലയ ആദിവാസി ഊരുകളായ തവളക്കുഴിപ്പാറ, വാച്ചുമരം എന്നിവയാണ് ഇതില്‍ പെടുന്നത്.

വനാവകാശനിയമപ്രകാരം കാടും വിഭവങ്ങളും സംരക്ഷിക്കപ്പെടണം. ഈ അവകാശം ആദിവാസികളുടെ കൈകളിൽ തന്നെയാണ്. അതിനാൽ സാമൂഹിക വനവിഭവ മേഖലയില്‍ പുതുതായി എന്ത് വരണമെന്ന് തീരുമാനിക്കേണ്ടത് സ്ഥലത്തെ ഊരുകൂട്ടമാണ്. വനം സംരക്ഷിക്കുന്നതിന് വനം വകുപ്പിനുള്ള അതേ അധികാരമാണ് ഇപ്പോള്‍ ഊരുകൂട്ടങ്ങള്‍ക്കുമുള്ളത്. വനാവകാശ നിയമപ്രകാരമുള്ള സാമൂഹിക അവകാശങ്ങള്‍ ലഭിച്ച മേഖലയില്‍ ഊരുകൂട്ടങ്ങളുടെ കൂടി പങ്കാളിത്തത്തോടെ ഭരണം നടത്തുന്നതിനാണ് നിയമപരമായി വനംവകുപ്പ് ശ്രമിക്കേണ്ടത്. അതുകൊണ്ട് തന്നെ ഈ ഒന്‍പത് ഗോത്രസഭകളുടെയും അനുമതി ലഭ്യമായാലേ വൈദ്യുതി വകുപ്പ് പദ്ധതിയുമായി മുന്‍പോട്ട് പോകാന്‍ പാടുള്ളൂ. 

കാടര്‍ ഗോത്രവിഭാഗത്തില്‍പ്പെട്ടവര്‍
കാടര്‍ ഗോത്രവിഭാഗത്തില്‍പ്പെട്ടവര്‍; Pic (C); azhimukham

‘വനം വകുപ്പ് ഇപ്പോഴും ആദിവാസികളുടെ അവകാശത്തെ അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. വനാവകാശനിയമം കാറ്റില്‍ പറത്തിയാണ് ബോര്‍ഡ് നടപടിയുമായി മുന്നോട്ടു പോകുന്നത്. ഇത് നിയമവിരുദ്ധവും ആദിവാസികളോടുള്ള നീതി നിഷേധവുമാണ്. ആദിവാസികൾ ഈ വിഷയം അറിഞ്ഞ ഉടനെ ഊരുകൂട്ടങ്ങൾ ചേരുകയും ഏകകണ്ഠമായി പ്രമേയം പാസ്സാക്കി സർക്കാറിന്റെ വിവിധ വകുപ്പുകളെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ സർക്കാരും വൈദ്യുതി ബോര്‍ഡും ഇതിനോട് നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്’ എൻഎപിഎമ്മിന്റെ ദേശീയ കൺവീനറായ കുസുമം ജോസഫ് വോക്ക് മലയാളത്തോട് പറഞ്ഞു.

നഷ്ടം മാത്രം

ഇന്ന് കേരളത്തില്‍, വര്‍ഷത്തില്‍ ഏകദേശം 2600 കോടിയുടെ വൈദ്യുതിയാണ് വേണ്ടത്. ഇതിന്റെ ആയിരത്തില്‍ ഒരംശം പോലും നല്കാന്‍ ഈ പദ്ധതിക്ക് ആകില്ല. അതിലുപരി സംസ്ഥാനത്തിന് വേണ്ടതിലധികം വൈദ്യുതി ലഭ്യമായതിനാല്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന കേന്ദ്ര വിഹിതം പോലും പലപ്പോഴും പൂര്‍ണ്ണമായി എടുക്കാറില്ല.

എന്നിട്ടും അധിക വൈദ്യുതി അന്യസംസ്ഥാനങ്ങള്‍ക്ക് വില്‍ക്കുകയാണ്. കേരളത്തിലെ മുഴുവന്‍ താപനിലയങ്ങളും അടച്ചിട്ടിട്ടാണ് ഈ സ്ഥിതി. വന്‍ സാമ്പത്തിക നഷ്ടം വരുത്തുന്നതാണ് നിര്‍ദ്ദിഷ്ട പദ്ധതി.

ജലവൈദ്യുത പദ്ധതികള്‍ക്ക് ശരാശരി മെഗാവാട്ടിന് 9 മുതല്‍ 10 കോടി രൂപ വരെ ചെലവ് വരുമ്പോള്‍, ഇവിടെ 7.5 മെഗാവാട്ട് പദ്ധതിക്ക് 150 കോടി രൂപയാകും! അതായത് 1 മെഗാവാട്ടിന് 20 കോടി രൂപ. ഉയര്‍ന്ന പദ്ധതി ചെലവ് മൂലം ഇവിടെ നിന്നും വൈദ്യുതിക്ക് 1 യൂണിറ്റിന് ഏറ്റവും ചുരുങ്ങിയത് 10 രൂപയെങ്കിലും ആകും.

വര്‍ഷത്തില്‍ 200 കോടി യൂണിറ്റോളം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന കായംകുളം താപനിലയം വൈദ്യുതിക്ക് യൂണിറ്റിന് ഏഴേകാല്‍ രൂപയാകും എന്ന കാരണത്താല്‍ അടച്ചിട്ടിരിക്കുകയാണ്. അവിടെ ഒരു വര്‍ഷം 200 കോടി രൂപ ഫിക്‌സഡ് ചാര്‍ജ്ജ് ഇനത്തില്‍ കൊടുക്കുകയും ചെയ്യുന്നു. എന്നിട്ടാണ് പുതിയ പദ്ധതിക്കായി ശ്രമിക്കുന്നത്.

കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അശാസ്ത്രീയമായ ആശയങ്ങളുടെ നടത്തിപ്പിനായി സാമ്പത്തികമായി പോലും ലാഭകരമല്ലാത്ത ആനക്കയം ചെറുകിട ജലവൈദ്യുതി പദ്ധതിക്ക് വേണ്ടി പ്രകൃതിയെ നശിപ്പിക്കാന്‍ സര്‍ക്കാര്‍ കൂട്ട് നിൽക്കുകയാണെങ്കിൽ ശക്തമായ പ്രതിഷേധം നടത്തുവാനും, പ്രസ്തുത പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറും വരെ സമരങ്ങൾ തുടരുവാനുമാണ് ആനക്കയം പദ്ധതിക്കെതിരായ ജനകീയ സമര സമിതിയും, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, പാരിസ്ഥിതിക, മനുഷ്യവകാശ സംഘടനകളുടെയും തീരുമാനം.