Sun. Nov 17th, 2024
Bihar education minister resigned

 

പട്ന:

ബിഹാറിലെ വിദ്യാഭ്യാസ മന്ത്രി മേവ്‌ലാല്‍ ചൗധരി അഴിമതി ആരോപണങ്ങളെ തുടർന്ന് രാജിവെച്ചു. സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് മന്ത്രിയുടെ രാജി. അഴിമതി ആരോപണങ്ങള്‍ നേരിടുന്നയാളെ വിദ്യാഭ്യാസ മന്ത്രിയാക്കിയതില്‍ ആര്‍ജെഡി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം രാജി നൽകിയത്.

ഭഗല്‍പുര്‍ കാര്‍ഷിക സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായിരിക്കേ അനധികൃത നിയമനങ്ങള്‍ നടത്തിയെന്നാണ് ജെഡിയു അംഗമായ മേവ്‌ലാല്‍ ചൗധരിക്കെതിരായ ആരോപണം. സര്‍വകലാശാലയില്‍ ചട്ടവിരുദ്ധമായി അസി. പ്രൊഫസറെയും ജൂനിയര്‍ സയന്റിസ്റ്റിനെയും നിയമിച്ചെന്നായിരുന്നു കണ്ടെത്തല്‍.

വിവാദത്തെ തുടർന്ന് മേവ്‌ലാലിനെ സസ്‌പെൻഡ് ചെയ്തിരുന്നെങ്കിലും പിന്നീട് തിരിച്ചെടുക്കുകയായിരുന്നു. എന്നാൽ താരാപുര്‍ മണ്ഡലത്തില്‍നിന്ന് വിജയിച്ച മേവ്‌ലാൽ തുടർന്ന് നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ സ്ഥാനം ഉറപ്പിച്ചു. പ്രതിപക്ഷത്തിന്റെ പ്രതിഷേധം ശക്തമായതോടെയാണ് രാജിവെച്ചത്.

By Athira Sreekumar

Digital Journalist at Woke Malayalam