ആലുവ:
പാലാരിവട്ടം അഴിമതി കേസിൽ നിർണ്ണായക നീക്കവുമായി വിജിലൻസ്. മുൻ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽ വിജിലൻസ് സംഘം എത്തി.
എന്നാൽ ഇബ്രാഹിംകുഞ്ഞ് ആലുവയിലെ വസതിയിൽ ഇല്ലെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ വിജിലൻസ് സംഘത്തിനോട് പറഞ്ഞത്. മരടിലെ ലേക്ക് ഷോർ ആശുപത്രിയിൽ ചികിത്സയ്ക്കായി പോയി എന്നുള്ളതാണ് മുൻമന്ത്രിയുടെ ഭാര്യ വിജിലൻസിനെ അറിയിച്ചത്. ശേഷം വനിത പോലീസ് ഉദ്യോഗസ്ഥരെ അടക്കം വിളിച്ചുവരുത്തി വിജിലൻസ് വീടിനുള്ളിൽ പരിശോധന നടത്തി.
അറസ്റ്റ് ചെയ്യുക തന്നെയായിരുന്നു വിജിലൻസിന്റെ നീക്കമെന്നാണ് കരുതുന്നത്. തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ സെൽ ഡിവൈഎസ്പി ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തിയത്.
നേരത്തെ നോട്ടീസ് നൽകിയ ശേഷമാണോ എത്തിയത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇന്നലെ വൈകുന്നേരമാണ് മുൻമന്ത്രി ആശുപ്രത്രിയിൽ പ്രവേശിച്ചത്. പക്ഷേ എന്ത് അസുഖത്തിന്റെ ചികിത്സയ്ക്കായാണ് ആശുപത്ത്രിയിൽ പ്രവേശിച്ചതെന്ന് വ്യക്തമല്ല
നേരത്തെ വിജിലൻസ് നോട്ടീസ് അയച്ച് വിളിച്ചുവരുത്തിയാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തത്. പാലാരിവട്ടം പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് മൊബിലൈസേഷൻ അഡ്വാൻസ് തിരിച്ചുനല്കിയതുമായി ബന്ധപ്പെട്ടാണ് ആക്ഷേപം പ്രധാനമായി നിലനിക്കുന്നത്.
പാലാരിവട്ടം പാലം അഴിമതി കേസ് നടപടികൾ വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന് നിർദേശം ലഭിച്ചിരുന്നു. ഇ ശ്രീധരനെ കേസിൽ സാക്ഷിയാക്കും. പാലം പൊളിച്ച ശേഷമുള്ള അവസ്ഥ വിജിലൻസ് ചോദിച്ചറിഞ്ഞിട്ടുണ്ട്. പാലം പൊളിച്ച സാങ്കേതിക വിദഗ്ധരോടും വിവരങ്ങൾ തേടി. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യേണ്ടതില്ല എന്നായിരുന്നു മുൻ തീരുമാനം.
മേൽപ്പാലം നിർമ്മാണക്കമ്പിനിയായ ആർഡിഎസിന് ചട്ടവിരുദ്ധമായി 8 .25 കോടി മുൻകൂർ നൽകിയത് ഇബ്രഹിം പറഞ്ഞിട്ടാണെന്ന് മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഓ സൂരജ് മൊഴി നൽകിയിരുന്നു. ഫെബ്രുവരി അഞ്ചിനാണ് ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയത്.
കരാർക്കമ്പിനിയായ ആർഡിഎസിന്റെ എംഡി സുമിത് ഗോയൽ, മുൻ അസിസ്റ്റൻറ് മാനേജർ എംടി തങ്കച്ചൻ, കിറ്റ്‌കോ മുൻ ജോയിന്റ് മാനേജർ ബെന്നി പോൾ, ടിഓ സൂരജ് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.
https://www.youtube.com/watch?v=ELGhgvzD6YM