തിരുവനന്തപുരം:
കേരളത്തിൽ സിബിഐക്ക് കേസന്വേഷണത്തിന് നിയന്ത്രണമേർപ്പെടുത്തികൊണ്ടുള്ള സംസ്ഥാനസര്‍ക്കാരിന്‍റെ വിജ്ഞാപനമിറങ്ങി. മന്ത്രിസഭ തീരുമാന പ്രകാരം ആഭ്യന്തര സെക്രട്ടറി സജ്ഞയ് കൗളാണ് വിജ്ഞാപനമിറക്കിയത്. സർക്കാരിൻറെ മുൻകൂർ അനുമതിയില്ലാതെ കേരളത്തിൽ അന്വേഷണം നടത്താൻ സിബിഐക്ക് നൽകിയിരുന്ന അനുമതി പിൻവലിച്ചാണ് വിജ്ഞാപനം. കോടതി ഉത്തരവ് പ്രകാരമോ, സർക്കാർ അനുമതിയോടെയോ മാത്രമേ ഇനി സിബിഐക്ക് കേരളത്തിൽ അന്വേഷണം ഏറ്റെടുക്കാനാവു.
സംസ്ഥാനത്ത് സിബിഐക്ക് നേരത്തെ അനുമതിയില്ലാതെ കേസുകള്‍ എടുക്കാനുള്ള പൊതുസമ്മതം പിന്‍വലിക്കാന്‍ രണ്ടാഴ്ചയ്ക്ക് മുമ്പ് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമനിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പൊതുസമ്മതം റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സിപിഎം കേന്ദ്രകമ്മറ്റിയും മന്ത്രിസഭയുടെ തീരുമാനത്തെ പിന്തുണച്ചിരുന്നു.
ലൈഫ് മിഷൻ അഴിമതി കേസ് സിബിഐ നേരിട്ട് ഏറ്റെടുത്തതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ സിബിഐക്ക് നൽകിയിരുന്ന അനുമതി പിൻവലിക്കാൻ തീരുമാനിച്ചത്.