തിരുവനന്തപുരം:
സിഎജി കരട് റിപ്പോർട്ടാണ് നൽകിയതെന്ന് കള്ളം പറഞ്ഞ് നിയമസഭയെയും ജനങ്ങളെയും വഞ്ചിച്ച ധനമന്ത്രി തോമസ് ഐസക്ക് സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയതെന്ന് രമേശ് ചെന്നിത്തല.
കരട് റിപ്പോർട്ടിലെ കണ്ടെത്തലുകളെന്ന് പറഞ്ഞാണ് ഐസക് മാധ്യമങ്ങളെ കണ്ടത്. സിഎജി വാർത്താക്കുറിപ്പിറക്കിയതോടെ ആ കള്ളം പൊളിഞ്ഞു. അപ്പോൾ വീണ്ടും നുണകളുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി തോമസ് ഐസക്ക്. തുടർച്ചയായി കള്ളം പറയുന്ന മന്ത്രി രാജി വയ്ക്കണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ഭരണഘടനാതത്വങ്ങൾ ഗുരുതരമായ രീതിയിലാണ് ഐസക് ലംഘിച്ചിരിക്കുന്നത്. ഇതിൽ സ്പീക്കർ ഇടപെട്ടേ തീരൂ. സഭയെ അവഹേളിച്ച മന്ത്രിക്കെതിരെ സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
സിഎജിയുടെ കരട് റിപ്പോർട്ടിലെ കണ്ടെത്തലുകളെന്ന് ആദ്യം പറഞ്ഞ ഐസക് എന്തുകൊണ്ടാണ് ആ വാദം ഇപ്പോൾ മാറ്റിപറയുന്നത്? കരട് റിപ്പോർട്ടെന്ന് കരുതിയെന്നാണ് മന്ത്രി പറയുന്നത്. അന്തിമ റിപ്പോർട്ടും കാർഡും തമ്മിൽ തിരിച്ചറിയാത്ത ആളാണോ കേരളത്തിന്റെ ധനമന്ത്രി എന്നും ചെന്നിത്തല ചോദിച്ചു.
ധനമന്ത്രിക്കല്ല സിഎജിയുടെ റിപ്പോർട്ട് കിട്ടുന്നത്. അത് കിട്ടുക ധനസെക്രട്ടറിക്കാണ്. ധനസെക്രട്ടറി ഈ സിഎജി റിപ്പോർട്ട് സീൽ വച്ച കവറിൽ ഗവർണർക്ക് നൽകുകയാണ് വേണ്ടത്. അത്രയും രഹസ്യാത്മകത കാത്തുസൂക്ഷിക്കേണ്ട റിപ്പോർട്ട് എങ്ങനെ ധനമന്ത്രിയുടെ കയ്യിൽ കിട്ടിയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
അതേസമയം, കരടാണോ അന്തിമറിപ്പോർട്ടാണോ എന്നതല്ല, സിഎജി റിപ്പോർട്ടിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചാണ് അറിയേണ്ടതെന്നായിരുന്നു തോമസ് ഐസക്ക് ഇന്ന് പ്രതികരിച്ചത്. എന്നാൽ, നിലവിൽ ധനമന്ത്രി പുറത്തുവിട്ടത് കരട് റിപ്പോർട്ടാണോ അന്തിമറിപ്പോർട്ടാണോ എന്നത് തന്നെയാണ് ചർച്ച ചെയ്യേണ്ടതെന്നും, ഇതിലെ ചട്ടലംഘനം പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണെന്നും ചെന്നിത്തല പറഞ്ഞു. രാജ്യത്തിന്‍റെ ചരിത്രത്തിൽ ഇന്നേവരെ ഒരു മന്ത്രിയും ഇത്തരത്തിൽ സിഎജി റിപ്പോർട്ട് സഭയിൽ വയ്ക്കുന്നതിന് മുൻപ് പുറത്തുവിട്ടിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.