തിരുവനന്തപുരം:
കിഫ്ബി – സിഎജി വിവാദത്തിൽ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തി. പ്രതിപക്ഷ നേതാവിന് അധികാര ഭ്രാന്ത് മൂത്ത് സമനില തെറ്റിയെന്നും ഒളിച്ചുകളി നിർത്തി ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നും ധനമന്ത്രി പറഞ്ഞു. റിസർവ് ബാങ്ക്, സെബി അനുമതികളോടെയാണ് വായ്പ എടുത്തതെന്നും നിയമപരമായി നേരിടാൻ ഒരു ഭയവും ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കെപിസിസി സെക്രട്ടറി മാത്യു കുഴൽനാടൻ ആർഎസ്എസുകാരുടെ വക്കാലത്തെടുത്തതായും ധനമന്ത്രി അഭിപ്രായപ്പെട്ടു. ഇങ്ങിനെയൊരാളെ കെപിസിസി സെക്രട്ടറിയായി ആവശ്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. രഞ്ജിത് കാർത്തികേയനും കുഴൽനാടനും കൂടിക്കാഴ്ച നടത്തി. ആർഎസ്എസിന്റെ ഭാഗമാണ് സ്വദേശി ജഗരൺ മഞ്ച്. കേസാണ് മാത്യു വക്കാലത്ത് എടുത്തതെന്നും ആരോപിച്ചു.
അതേസമയം ധനമന്ത്രിക്കെതിരെ പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നൽകി. എംഎൽഎ വി ഡി സതീശനാണ് നോട്ടീസ് നൽകിയത്. സിഎജി റിപ്പോർട്ട് ചോർത്തിയെന്നാണ് ആരോപണം ഉയർത്തിയിരിക്കുന്നത്.