Tue. Nov 5th, 2024
SC issues notice to UP govt on plea against arrest of journalist Siddique Kappan
ഡൽഹി:

ഹാഥ്റസിലെ ദളിത് പെൺകുട്ടിയുടെ ബലാത്സംഗ കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോയപ്പോൾ അറസ്റ്റിലായ  മലയാളി മാധ്യമപ്രവർത്തകന് ജാമ്യം തേടിയുള്ള ഹർജ്ജിയിൽ സുപ്രീം കോടതി യുപി സർക്കാരിന് നോട്ടീസ് അയച്ചു.

അഴിമുഖത്തിന്റെ ഡൽഹി ഘടകം റിപ്പോർട്ടായ സിദ്ധിക്ക് കാപ്പനെ അറസ്റ്റ് ചെയ്ത കേസിലെ ജാമ്യാപേക്ഷയിലാണ് സുപ്രീം കോടതി യുപി സർക്കാരിനും പോലീസീനും നോട്ടീസ് അയച്ചത്.

യുഎപിഎ അടക്കം ചുമത്തപ്പെട്ട് ഒരു മാസത്തിലേറെയായി ജയിലിൽ കഴിയുന്ന സിദ്ധിക്ക് കാപ്പനെ പുറത്തിറക്കാൻ വേണ്ടി കേരള പത്രപ്രവർത്തക യൂണിയൻ സമർപ്പിച്ച ഹർജിയാണ്  ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്.

അറസ്റ്റിന്മേൽ വിശദീകരണം തേടി യുപി സർക്കാരിനും പോലീസിനും നോട്ടീസയച്ച സുപ്രീം കോടതി പക്ഷെ  കേസിന്‍റെ മെറിറ്റിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും, യുപി സർക്കാരിനും പൊലീസിനും എന്താണ് പറയാനുള്ളതെന്ന് കേട്ടിട്ട് തീരുമാനമെടുക്കാമെന്നുമാണ് പറഞ്ഞത്. കേസ് ഇനി വെള്ളിയാഴ്ചയാണ് പരിഗണിക്കുന്നത്.

പ്രമുഖ അഭിഭാഷകൻ കപിൽ സിബലാണ് സിദ്ദിഖ് കാപ്പന് വേണ്ടി കെയുഡബ്ല്യുജെ ദില്ലി ഘടകം നൽകിയ ഹർജിയിൽ ഹാജരായത്. എന്തുകൊണ്ട് ഹർജിക്കാർ ജാമ്യഹർജിയുമായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കുന്നില്ല എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. എന്നാൽ, ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും, അഭിഭാഷകന് സിദ്ദിഖിനെ കാണാൻ പോലും അനുമതി ലഭിക്കുന്നില്ലെന്നും കപിൽ സിബൽ കോടതിയെ അറിയിച്ചു.

സിദ്ദിഖ് കാപ്പനെ കാണാതെ ജാമ്യഹർജി നൽകുന്നതെങ്ങനെയെന്നും കപിൽ സിബൽ ചോദിച്ചു. തുടർന്ന് കാപ്പൻ ഇപ്പോൾ ഏത് ജയിലിലാണുള്ളതെന്ന് കോടതി ചോദിച്ചു. മഥുര ജയിലിലാണുള്ളതെന്ന് സിബൽ അറിയിച്ചു.

ഈ സാഹചര്യത്തിലാണ്, ഉത്തർപ്രദേശ് സർക്കാരിനും പൊലീസിനും സുപ്രീംകോടതി നോട്ടീസയച്ചത്. അവർക്ക് പറയാനുള്ളതെന്തെന്ന് കേട്ട ശേഷം കേസിൽ തീരുമാനമെടുക്കാമെന്നും, കോടതി വ്യക്തമാക്കി. കേസിന്‍റെ മെറിറ്റിൽ ഇപ്പോൾ ഇടപെടുന്നില്ലെന്നും കോടതി അറിയിച്ചു.

റിപ്പബ്ലിക് ടിവി മേധാവി അർണബ് ഗോസ്വാമിക്ക് മനുഷ്യാവകാശം ചൂണ്ടിക്കാട്ടി ഉടൻ ജാമ്യം നൽകിയ, നടപടി  ചൂണ്ടിക്കാട്ടി സമാനമായ അവകാശം സിദ്ദിഖ് കാപ്പനുമുണ്ടെന്ന് വാദിച്ചാണ് കെയുഡബ്ല്യുജെ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. സിദ്ദിഖ് കാപ്പനെ കാണാൻ അഭിഭാഷകനെ അനുവദിക്കണം, കെയുഡബ്ല്യുജെ  പ്രതിനിധികൾക്ക് കാപ്പനെ കാണാൻ അനുമതി നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

42 ദിവസമായി സിദ്ദിഖ് കാപ്പൻ ജയിലിൽ കഴിയുകയാണ്. കൃത്യമായ തെളിവുകളില്ലാതെയാണ് കാപ്പന് മേൽ യുഎപിഎയും  രാജ്യദ്രോഹക്കുറ്റവും ചുമത്തിയത്. ബോധപൂർവം കേസിൽ കാപ്പനെ പ്രതിയാക്കുകയായിരുന്നു.  കാപ്പൻ ഹാഥ്റസിൽ പോയത് വാർത്ത റിപ്പോർട്ട് ചെയ്യാനാണ്. കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്ന ആരോപണം ചുമത്തി  അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ഹർജിയിൽ പറയുന്നു.

https://www.youtube.com/watch?v=hZfRhtb34q4&t=3s

 

By Arya MR