Mon. Dec 23rd, 2024
KOCHI CORPARATION
കൊച്ചി:

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളിലും ഭിന്നിപ്പ്‌ ശക്തം. യുഡിഎഫില്‍ വിമതശല്യമാണെങ്കില്‍ എല്‍ഡിഎഫില്‍ പാര്‍ട്ടികള്‍ തമ്മില്‍ ചേരി തിരിഞ്ഞാണ്‌ പോരാട്ടം. കൊച്ചി കോര്‍പ്പറേഷനില്‍ വളരെ കോണ്‍ഗ്രസ്‌ നേരിടുന്നത്‌ വിമതശല്യമാണ്‌. മേയറും ഡെപ്യൂട്ടി മേയറുമടക്കം മുന്‍ ഭരണസമിതിയിലെ പലര്‍ക്കും സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെട്ടതോടെയാണ്‌ റിബലുകള്‍ രംഗത്തെത്തിയത്‌. അതേസമയം, എല്‍ഡിഎഫില്‍ മുന്‍ മേയര്‍ തന്നെ റിബല്‍ സ്ഥാനാര്‍ത്ഥിയായി വന്നിട്ടുണ്ട്‌.

വനിതാ കൗണ്‍സിലര്‍മാരായിരുന്ന ഗ്രേസി ജോസഫും ഡെലീന പിന്‍ഹീറോയുമാണ്‌ സീറ്റ്‌ നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച്‌ സിറ്റിംഗ്‌ സീറ്റുകളില്‍ മത്സരിക്കുന്നത്‌. കഴിഞ്ഞ ഭരണസമിതിയില്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയായിരുന്ന ഗ്രേസി കഴിഞ്ഞ രണ്ടു ടേമിലും കതൃക്കടവ്‌ ഡിവിഷനെയാണ്‌ പ്രതിനിധീകരിച്ചത്‌. വടുതല വെസ്റ്റ്‌ ഡിവിഷനില്‍ നിന്നാണ്‌ ഡെലീന പിന്‍ഹീറൊ കഴിഞ്ഞ തവണ ജയിച്ചത്‌. ഗ്രൂപ്പിസത്തിന്റെ പേരില്‍ വ്യക്തിവിരോധം തീര്‍ക്കുകയാണെന്നാണ്‌ ഇവരുടെ ആരോപണം.

വിമതനായി നിന്നു മത്സരിച്ചയാള്‍ക്ക്‌ പാര്‍ട്ടി സീറ്റ്‌ നല്‍കിയതിനെതിരേയും കോണ്‍ഗ്രസില്‍ പതിഷേധമുണ്ട്‌. ഫോര്‍ട്ട്‌ കൊച്ചി ഡിവിഷനില്‍ കഴിഞ്ഞ തവണ റിബല്‍ സ്ഥാനാര്‍ത്ഥിയായ ആന്റണി കുരീത്തറയെ സ്ഥാനാര്‍ത്ഥിയാക്കിയത്‌ കെപിസിസി സര്‍ക്കുലറിന്റെ ലംഘനമെന്നാണ്‌ ആക്ഷേപം. അതേസമയം വടക്കന്‍ പറവൂരിലും വരാപ്പുഴയിലും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ തന്നെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥികളായി.

കരുമാലൂര്‍ പഞ്ചായത്ത്‌ മുന്‍ വൈസ്‌ പ്രസിഡന്റും കോണ്‍ഗ്രസ്‌ നേതാവുമായ കെ സി വിനോദ്‌ കുമാറും 15 വര്‍ഷം കോണ്‍ഗ്രസ്‌ വരാപ്പുഴ മണ്ഡലം പ്രസിഡന്റും സഹകരണ ബാങ്ക്‌ പ്രസിഡന്റുമായിരുന്ന ജോയ്‌ പെട്ടയുമാണ്‌ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥികളായി രംഗത്തു വന്നിരിക്കുന്നത്‌. ഗ്രൂപ്പ്‌ പോരാണ്‌ ഇവര്‍ കാരണമായി ചൂണ്ടിക്കാട്ടിയത്‌.

കൊച്ചി കോര്‍പ്പറേഷനില്‍ മുസ്‌ലിം ലീഗിലും വിമതസ്വരമുയര്‍ന്നിട്ടുണ്ട്‌. ആരോഗ്യ സ്‌റ്റാന്‍ഡിംഗ്‌ കമ്മിറ്റി മുന്‍ അധ്യക്ഷന്‍ ടി കെ അഷ്‌റഫാണ്‌ വിമതനായി രംഗത്തു വന്നത്‌. കല്‍വത്തി ഡിവിഷനില്‍ നിന്ന്‌ സ്വതന്ത്രനായാണ്‌ ഇക്കുറി മത്സരിക്കുന്നത്‌. മട്ടാഞ്ചേരിയില്‍ നിന്ന്‌ നസീമ നൗഫലും ലീഗ്‌ വിമതയായി രംഗത്തുണ്ട്‌.

യുഡിഎഫില്‍ വിമതശല്യവും പാര്‍ട്ടി മാറലും ശക്തമാകുമ്പോള്‍ എല്‍ഡിഎഫില്‍ പാര്‍ട്ടികള്‍ തമ്മിലുള്ള പോരാണ്‌ മറനീക്കുന്നത്‌. മുന്‍ മേയറും ലോക്‌ താന്ത്രിക്‌ ജനതാദള്‍ നേതാവുമായട കെ ജെ സോഹന്‍ പാര്‍ട്ടിയോടുള്ള എല്‍ഡിഎഫ്‌ അവഗണനയെത്തുടര്‍ന്നാണ്‌ മത്സരിക്കുന്നത്‌. ഫോര്‍ട്ട്‌ കൊച്ചി വെളി ഡിവിഷനില്‍ നിന്നാണ്‌ അദ്ദേഹം മത്സരിക്കുന്നത്‌. മറ്റു പാര്‍ട്ടികളെയെല്ലാം പരിഗണിച്ചപ്പോഴും ജനതാദളിനെ അവഗണിച്ചതില്‍ പ്രതിഷേധമുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

കോതമംഗലം നെല്ലിക്കുഴി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ സിപിഐയുടെയും കേരള കോണ്‍ഗ്രസ്‌ എമ്മിന്റെയും വനിതാ സ്ഥാനാര്‍ത്ഥികളാണ്‌ എല്‍ഡിഎഫിന്റെ പേരില്‍ രംഗത്തു വന്നത്‌. സിപിഐയുടെ സിറ്റിംഗ്‌ സീറ്റില്‍ അവര്‍ റിയ റിജുവിനെ നിര്‍ത്തിയപ്പോള്‍ കേരള കോണ്‍ഗ്രസ്‌ മാണി വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥി ശ്രീദേവി ബാബുവും എല്‍ഡിഎഫ്‌ പിന്തുണ അവകാശപ്പെട്ട്‌ രംഗത്തെത്തി.

സിപിഎം- സിപിഐ തര്‍ക്കമാണ്‌ ഇവിടെ രണ്ടു സ്ഥാനാര്‍ത്ഥികള്‍ രംഗത്തു വരാന്‍ കാരണം. ശ്രീദേവി ബാബുവിന്‌ സിപിഎം തൃക്കരിയൂര്‍ ലോക്കല്‍ സെക്രട്ടറി കെ ജി ചന്ദ്രബോസ്‌ പിന്തുണ പ്രഖ്യാപിച്ചതും പരസ്യമായ ചേരിതിരിവ്‌ പ്രകടമാക്കി. സിപിഎം ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്‌ അംഗീകരിക്കാനാകില്ലെന്നും പിന്മാറില്ലെന്നുമാണ്‌ സിപിഐയുടെ നിലപാട്‌.