പട്ന:
ബിഹാർ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാർ തുടർച്ചയായി നാലാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രീയ ജീവതത്തിൽ മുഖ്യമന്ത്രിയായുള്ള നിതീഷിന്റെ ആറാമത്തേ സത്യപ്രതിജ്ഞ ആയിരുന്നു ഇന്ന്. ബിജെപി നേതാവ് രേണു ദേവിയാണ് പുതിയ സർക്കാരിലെ ഉപമുഖ്യമന്ത്രി. ബിഹാറിൽ ഈ പദവിയിൽ എത്തുന്ന ആദ്യവനിതയാണ് രേണു ദേവി. മുൻസർക്കാരുകളിൽ ഉപമുഖ്യമന്ത്രിയും നിതീഷിൻ്റെ വിശ്വസ്തനുമായിരുന്ന സുശീൽ കുമാറിനെ ഒഴിവാക്കിയാണ് ചരിത്രപരമായ ഒരു നീക്കത്തിന് ബിഹാർ സർക്കാർ തയ്യാറായത്.
ഇന്ന് വൈകിട്ട് നാലരയോടെ പട്നയിലെ രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള ഉന്നത നേതാക്കൾ പങ്കെടുത്തു. 243 അംഗ ബിഹാർ നിയമസഭയിൽ 125 അംഗങ്ങളുടെ ഭൂരിപക്ഷം നേടിയാണ് എൻഡിഎ സഖ്യം അധികാരത്തിൽ എത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ നടത്തിയ മുന്നേറ്റം കണക്കിലെടുത്ത് നിർണായക വകുപ്പുകളടക്കം സർക്കാരിൻ്റെ നിയന്ത്രണം ബിജെപിയുടെ കൈവശമായിരിക്കും.
വിജേന്ദ്ര യാദവ്, വിജയ് ചൗധരി, അശോക് ചൗധരി, മെവലാൽ ചൗധരിഷ ഷീല മണ്ടൽ എന്നിവരാണ് നിതീഷ് മന്ത്രിസഭയുടെ ഭാഗമാകുന്ന ജെഡിയു അംഗങ്ങൾ. മംഗൾ പാണ്ഡേ, രാംപ്രീത് പാസ്വാൻ തുടങ്ങി 14 ബിജെപി നേതാക്കളും ഈ മന്ത്രിസഭയിൽ ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ ഹിന്ദുസ്ഥാനി അവാമി മോർച്ചയിൽ നിന്നും സന്തോഷ് മാഞ്ചിയും വികാശീൽ ഇൻസാൻ പാർട്ടിയിൽ നിന്നും മുകേഷ് മല്ലാഹും നിതീഷ് മന്ത്രിസഭയിലുണ്ട്.