Mon. Dec 23rd, 2024
Karti Chidambaram

ചെന്നെെ:

രാജ്യത്ത് ഒരിടത്തും ബിജെപിക്ക് ബദല്‍ ആകാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്ന മുതിര്‍ന്ന നേതാവ് കപില്‍ സിബലിന്റെ അഭിപ്രായത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം.

ട്വിറ്ററിലൂടെ ആയിരുന്നു കാര്‍ത്തിയുടെ പ്രതികരണം. ആത്മപരിശോധനയ്ക്കും ആശയരൂപവത്കരണത്തിനും കൂടിയാലോചനയ്ക്കും പ്രവര്‍ത്തനത്തിനും നമുക്ക് സമയമായിരിക്കുന്നു- എന്നാണ് കാര്‍ത്തിയുടെ ട്വീറ്റ്.

കപില്‍ സിബല്‍ തന്റെ അഭിമുഖം പങ്കുവെച്ചു കൊണ്ടുള്ള ട്വീറ്റ് റീട്വീറ്റ് ചെയ്ത കാര്‍ത്തി, കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിനെ ടാഗ് ചെയ്തിട്ടുമുണ്ട്.

ബിഹാർ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോല്‍വിക്ക് പിന്നാലെയായിരുന്നു കോൺഗ്രസ്സ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് കപിൽ സിബൽ രംഗത്തുവന്നത്. ജനം കോൺഗ്രസിനെ ബിജെപിയ്ക്ക് ബദലായി കാണുന്നതേയില്ലെന്നും ശക്തികേന്ദ്രങ്ങളായിരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പോലും പാർട്ടിയുടെ പ്രസക്തി നഷ്ടമാകുകയാണെന്നും കപിൽ സിബൽ വിമർശിച്ചിരുന്നു.

നേതൃത്വം ആത്മപരിശോധന നടത്തുന്നില്ല. പരാജയ കാരണം അന്വേഷിക്കുന്നതേയില്ല. പാർട്ടിയിൽ പ്രതികരിക്കാൻ വേദിയില്ലാത്തതിനാലാണ് പരസ്യപ്രതികരണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

By Binsha Das

Digital Journalist at Woke Malayalam