തിരുവനന്തപുരം:
കിഫ്ബി വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക്കിനെതിരെ അവകാശലംഘനത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. സിഎജി റിപ്പോർട്ട് ചോർത്തിയെന്നാരോപിച്ച് എംഎൽഎ വി ഡി സതീശനാണ് സ്പീക്കർക്ക് നോട്ടീസ് നൽകിയത്. സഭയുടെ മേശപ്പുറത്ത് വയ്ക്കേണ്ട റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നായിരുന്നു വിമർശനം. നിയമസഭയുടെ അന്തസ്സ് ധനമന്ത്രി കളങ്കപ്പെടുത്തിയെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
സ്പീക്കർ നിയമസഭ എത്തിക്സ് കമ്മിറ്റിക്ക് നോട്ടീസ് കൈമാറും. എ പ്രദീപ്കുമാർ എംഎൽഎ അധ്യക്ഷനായ നിയമസഭാ എത്തിക്സ് കമ്മിറ്റി വിഷയം രണ്ടുദിവസത്തിനുള്ളിൽ ചർച്ച ചെയ്തേക്കും. ലൈഫ് മിഷൻ വിവാദത്തിൽ ഇഡിയുടെ വിശദീകരണം പരിശോധിക്കാൻ ബുധനാഴ്ച എത്തിക്സ് കമ്മിറ്റി യോഗം ചേരുന്നുണ്ട്.
ഇതോടെ പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കാനൊരുങ്ങുന്ന കിഫ്ബി വിഷയത്തിൽ നടപടിക്രമങ്ങൾ വേഗത്തിലായേക്കും. വരുന്ന ബുധനാഴ്ച ചേരുന്ന യോഗം ഈ വിഷയവും പരിഗണിച്ചേക്കും.