Mon. Dec 23rd, 2024
തോമസ് ഐസക്, രമേശ് ചെന്നിത്തല( Picture Credits:Google)

തിരുവനന്തപുരം:

കിഫബിയിലെ സിഎജി റിപ്പോര്‍ട്ടിനെതിരായ സര്‍ക്കാര്‍ നീക്കത്തിനെതിരെ രാഷ്ട്രപതിയെ സമീപിക്കാന്‍ ഒരുങ്ങി പ്രതിപക്ഷം. ഇക്കാര്യത്തില്‍ പ്രതിപക്ഷം നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തും. സിഎജി റിപ്പോര്‍ട്ട് പുറത്തുവിട്ട നടപടിക്കെതിരേയാണ് രാഷ്ട്രപതിയെ സമീപിക്കുന്നത്.

പ്രതിപക്ഷം നേരത്തെ നിയമസഭയ്ക്ക് അകത്തും പുറത്തും ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ ശരിവെയ്ക്കുന്നതാണ് സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. സഭയുടെ മേശപ്പുറത്ത് എത്തുന്നതിന് മുമ്പ് ധനമന്ത്രി തന്നെയാണ് റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പൊതുസമൂഹത്തോട് വെളിപ്പെടുത്തുന്നത്. ഇത് വലിയൊരു ചട്ടലംഘനമാണെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.

ഇത് രാഷ്ട്രീയ ആയുധമാക്കാന്‍ തന്നെയാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. ഭരണഘടന സ്ഥാപനമായ സിഎന്‍ജിയെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നുവെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. ധനമന്ത്രിയുടെ വാക്കുകള്‍ സിഎജി എന്ന ഭരണഘടനാ സ്ഥാപനത്തെ അസ്ഥിരപ്പെടുത്തുന്നതും ഭീഷണിപ്പെടുത്തുന്നതുമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

ഒരു ഭരണഘടന പ്രതിസന്ധി സംസ്ഥാനത്ത് ഉണ്ടെന്ന് ചൂണ്ടികാട്ടി ഗവര്‍ണറെയും രാഷ്ട്രപതിയെയും സമീപിക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. ഇതിന്‍റെ സാധ്യതയാണ് നിയമവിദഗ്ധരുമായി ചര്‍ച്ചചെയ്യുക. ഉച്ചതിരിഞ്ഞ് ഇക്കാര്യം പ്രതിപക്ഷ നോതാവ് ഉള്‍പ്പെടെ നിയമവിദഗ്ധരുമായി കൂടിയാലോചിക്കും.

അതേസമയം, സിഎജി റിപ്പോര്‍ട്ട് പുറത്തുവിട്ട നടപടിക്കെതിരെ പ്രതിപക്ഷം രാഷ്ട്രപതിയെ സമീപിക്കാനൊരുങ്ങുമ്പോള്‍ പ്രതിപക്ഷത്തിനെതിരെ രാഷ്ട്രീയ പ്രത്യാക്രമണം നടത്താനാണ് ധനവകുപ്പിന്‍റെ നീക്കം. വകുപ്പ് സെക്രട്ടറിക്ക് കിട്ടിയ കരട് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നതില്‍ തെറ്റില്ലെന്ന് ധനവകുപ്പ് ചൂണ്ടികാട്ടി. ഹെെക്കോടതിയിലെ കേസില്‍ സര്‍ക്കാര്‍ നിയമപോരാട്ടം തുടരും.

കിഫ്ബി എന്നൊരു സ്ഥാപനം തന്നെ ഭരണഘടനാ വിരുദ്ധമായാണ് പ്രവര്‍ത്തിച്ചത്. ഇത്തരമൊരു സ്ഥാപനത്തിന്‍റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന കണ്ടെത്തലുകളാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്. മസാലബോണ്ട് അടക്കമുള്ള കാര്യങ്ങളില്‍ വലിയ രീതിയിലുള്ള ക്രമക്കേട് നടന്നതായും സിഎജി റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ടിനെതിരെ ശക്തമായ വിമര്‍ശനമാണ് ധനമന്ത്രി തോമസ് ഐസക് നടത്തിയത്.

കിഫ്ബിയുടെ കരട് ഓഡിറ്റ് റിപ്പോർട്ടിനെതിരായ വിയോജിപ്പ് സിഎജിയെ രേഖാമൂലം അറിയിക്കാൻ സർക്കാർ തീരുമാനിച്ചു. സർക്കാരിന്‍റെ വാദമുഖങ്ങൾ നിരത്തി ചീഫ് സെക്രട്ടറി കത്തു നൽകും.

കേന്ദ്ര ഏജൻസികളെ വച്ച് സംസ്ഥാനങ്ങളെ മെരുക്കാനുള്ള നീക്കത്തിന്റെ തുടർച്ചയായാണ് സിഎജിയെ രംഗത്തിറക്കിയതെന്നും ഇതിനു കോൺഗ്രസ് കൂട്ടുനിൽക്കുകയാണെന്നും ധനമന്ത്രി തോമസ് ഐസക് ഇന്നലെ ആരോപിച്ചിരുന്നു.

ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന് ആരും കരുതണ്ട. ഇത് ഇഡിയുടെ ചുവടുപിടിച്ചുള്ള നീക്കമാണ്. സിഎജി ഉന്നയിച്ച 76 ചോദ്യങ്ങൾക്കു വിശദമായ മറുപടി നൽകിയിരുന്നു. പക്ഷേ, സർക്കാരിന്റെ പ്രതിനിധികളോട് എജി പറഞ്ഞു ‘ശരി ശരി… ഞങ്ങൾ ചിലത് എഴുതിവയ്ക്കുന്നുണ്ട്. അപ്പോൾ കാണാം. അപ്പോൾ മനസ്സിലാകും.’ ഭരണഘടനാ പദവി വഹിക്കുന്നയാൾക്കു യോജിച്ചതാണോ ഇത് ? എന്നും അദ്ദേഹം ചോദിച്ചിരുന്നു.

 

By Binsha Das

Digital Journalist at Woke Malayalam