ഡൽഹി:
ഡൽഹി കലാപവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രചാരണങ്ങൾ തടയാൻ ഫേസ്ബുക്ക് നടപടികൾ സ്വീകരിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തൽ. വിദ്വേഷത്തിൽ നിന്ന് ലാഭമുണ്ടാക്കുകയാണ് ഫേസ്ബുക്ക് ചെയ്തതെന്ന് മുൻ ജീവനക്കാരൻ മാർക്ക് എസ് ലൂക്കിയാണ് വെളിപ്പെടുത്തിയത്. ഡൽഹി കലാപവുമായി ബന്ധപ്പെട്ട നിയമസഭ സമിതിക്ക് മുന്നിലാണ് ഫേസ്ബുക്കിനെതിരെ മാർക്ക് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.
ഫെബ്രുവരിയിൽ വടക്ക് കിഴക്കൻ ഡൽഹിയിൽ നടന്ന കലാപം ആളിക്കത്തിക്കുന്ന രീതിയില്‍ ഫേസ്ബുക്കിന്‍റെ ഭാഗത്ത് നിന്നും ചില ഇടപെടലുകള്‍ ഉണ്ടായി എന്നാണ് പ്രധാന ആരോപണം. ഫേസ്ബുക്കിന്‍റെ കമ്യൂണിറ്റി സ്റ്റാന്‍റേര്‍ഡ് ഈ സമയങ്ങില്‍ അന്നത്തെ ഫേസ്ബുക്ക് പോളിസി ഹെഡ്ഡുമാര്‍ അടക്കമുള്ളവരുടെ തുടര്‍ച്ചയായ ഇടപെടല്‍ മൂലം പ്രവര്‍ത്തന രഹിതമായി എന്നും മാർക്ക് ആരോപിക്കുന്നു.
ഫേസ്ബുക്ക് ഒരു ടെലിഫോൺ പോലെയാണ് പ്രവർത്തിക്കുന്നതെന്നാണ് അവർ അവകാശപ്പെടുന്നതെങ്കിലും അങ്ങനെയല്ലെന്ന് മാർക്ക് പറഞ്ഞു. അവര്‍ ഇ-മെയിലോ ടെലിഫോണോ അല്ല. എപ്പോഴും സക്രിയമായ ജനങ്ങള്‍ എന്ത് കാണണം, എന്ത് കാണേണ്ട എന്ന് തീരുമാനിക്കുന്ന ഇടപെടലാണ് അത്.
എപ്പോഴും അതിന്‍റെ അല്‍ഗോരിതം മാറിക്കൊണ്ടിരിക്കും. അത് ചില കണ്ടന്‍റിനെ മുകളില്‍ എത്തിക്കും, ചിലതിനെ താഴ്ത്തും. അതിനാല്‍ സംഘര്‍ഷങ്ങളും, തെറ്റായ വിവരങ്ങളും ഉടലെടുക്കാന്‍ ഫേസ്ബുക്ക് സ്വാധീനം ചെലുത്തുന്നുണ്ട്. നിര്‍ഭാഗ്യം എന്ന് പറയട്ടെ അത് കാരണം കുറേപ്പേര്‍ക്ക് ജീവനും നഷ്ടപ്പെടുന്നു, അതിനാല്‍ ഇത് തടയണം, മാർക്ക് മൊഴിയിൽ വ്യക്തമാക്കി.
എന്നാൽ, ഈ ആരോപണങ്ങൾക്കെതിരെ ഫേസ്ബുക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ സെപ്തംബറില്‍ ഡൽഹി കലാപവുമായി ബന്ധപ്പെട്ട നിയമസഭാ സമിതിക്ക് മുന്നില്‍ ഹാജരാകാന്‍ നല്‍കിയ നിര്‍ദേശത്തിനെതിരെ ഫേസ്ബുക്ക് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ സമിതിക്ക് ഫേസ്ബുക്കിനെ വിളിച്ചുവരുത്താന്‍ അധികാരമില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഈ കേസ് വരുന്ന ഡിസംബര്‍ 2ന് പരിഗണിക്കാനിരിക്കുകയാണ്.