പയ്യന്നൂര്‍:
കണ്ണൂരിൽ പയ്യന്നൂരിലും ഫാഷന്‍ ഗോള്‍ഡ് മോഡല്‍ തട്ടിപ്പ് നടന്നതായി പരാതി. പയ്യന്നൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അമാൻ ഗോൾഡ് നിക്ഷേപകരിൽ നിന്ന് ലാഭ വിഹിതം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്നാണ് പരാതി. മൂന്ന് പേരുടെ പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്തു. പത്ത് പേരാണ് ഇത് വരെ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുള്ളത്.
പയ്യന്നൂർ പെരുമ്പയിൽ പ്രവർത്തിച്ചിരുന്ന അമാൻ ഗോൾഡിന്റെ എംഡി മൊയ്തു ഹാജിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൂവപ്പുറം കുഞ്ഞിമംഗലത്തെ ഇബ്രാഹിംകുട്ടി, തൃക്കരിപ്പൂരിലെ നസറുദ്ദീന്‍ ടി എന്നിവരുടെ പരാതിയിലാണ് എംഡി മൊയ്തു ഹാജിക്കെതിരെ കേസെടുത്തിരിക്കുന്നത്.
2016- മുതല്‍ 2019 വരെയുള്ള കാലയളവില്‍ തട്ടിപ്പ് നടന്നതായാണ് പരാതി. 20 ലക്ഷം രൂപയാണ് നസറുദ്ദീനില്‍ നിന്ന് തട്ടിച്ചതെന്നാണ് പരാതിയിലുള്ളത്. 15 ലക്ഷം രൂപയാണ് ഇബ്രാഹിംകുട്ടിക്ക് നഷ്ടമായത്. ഇനിയും കൂടുതല്‍ പേര് തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ജ്വല്ലറി മാസങ്ങളായി പ്രവര്‍ത്തിക്കുന്നില്ല. പണം വാങ്ങി ജ്വല്ലറി ഉടമകള്‍ മുങ്ങിയതാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
അതേസമയം, സംസ്ഥാന വ്യാപകമായി മുസ്ലീം ലീഗിന്‍റെ അംഗീകാരത്തോടെയും ആശിര്‍വാദത്തോടെയും ലീഗ് നോതാക്കളും പ്രാദേശിക നേതാക്കളും ഉള്‍പ്പെടെ ചെയ്യുന്ന വലിയ തട്ടിപ്പ് ശ്യംഖലകളുടെ തുടര്‍ച്ചയായി വേണം പയ്യന്നൂരിലെ ഈ ജ്വല്ലറി നിക്ഷേപ തട്ടിപ്പും കാണാനെന്ന് ഐഎന്‍എല്‍ നേതാവ് അബ്ദുള്‍ അസീസ് പറഞ്ഞു.