Fri. Mar 29th, 2024
M.C.Kamaruddin
കാസര്‍ഗോഡ്‌:

ഫാഷന്‍ ഗോള്‍ഡ്‌ നിക്ഷേപത്തട്ടിപ്പു കേസില്‍ എം സി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസ്‌ റദ്ദാക്കാന്‍ ആകില്ലെന്ന്‌ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കമറുദ്ദീനെ കസ്‌റ്റഡിയില്‍ വിടണമെന്ന്‌ പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചിട്ടില്ല. ഹൊസ്‌ ദുര്‍ഗ്‌ മജിസ്‌ട്രേറ്റ്‌ കോടതിയുടേതാണ്‌ നടപടി.

ജ്വല്ലറി ചെയര്‍മാനായ കമറുദ്ദീന്‍ ആണ്‌ തട്ടിപ്പിന്റെ മുഖ്യസൂത്രധാരനെന്നും വഞ്ചനക്കേസ്‌ റദ്ദാക്കിയാല്‍ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും സര്‍ക്കാര്‍ വാദിച്ചു. നിക്ഷേപകര്‍ക്ക്‌ കമറുദ്ദീന്‍ രേഖകള്‍ ഒപ്പിട്ടു നല്‍കിയിട്ടുണ്ട്‌. നിരവധി പേരുടെ പണം നഷ്ടപ്പെടുത്തിയ വ്യാപകതട്ടിപ്പാണ്‌ നടന്നിരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.

എന്നാല്‍ ജ്വല്ലറി നിക്ഷേപത്തിന്റെ പേരില്‍ ചുമത്തിയ വഞ്ചനക്കേസ്‌ നിലനില്‍ക്കില്ലെന്ന്‌ കമറുദ്ദീന്‍ വാദിച്ചു. ഒന്നാം പ്രതിയും സ്ഥാപനത്തിന്റെ എംഡിയുമായ പൂക്കോയ തങ്ങളെ അറസ്‌റ്റ്‌ ചെയ്യാതെ രണ്ടാംപ്രതിയായ തന്നെ കസ്റ്റഡിയില്‍ വിടുന്നതു ശരിയല്ല.

ദൈനം ദിനകാര്യങ്ങളില്‍ ചെയര്‍മാനു പങ്കില്ല. വഞ്ചന നടത്തണമെന്ന ഉദ്ദേശ്യം നിക്ഷേപം വാങ്ങുന്ന സമയത്ത്‌ ഉണ്ടായിരുന്നില്ലെന്നും എംഎല്‍എയെ പൊതുജനമധ്യത്തില്‍ താറടിച്ചു കാണിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ ബിസിനസ്സുകാരന്‍ എന്നനിലയിലാണ്‌ കേസെടുത്തിരിക്കുന്നത്‌ കോടതി ഓര്‍മ്മിപ്പിച്ചു.

ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള കമറുദ്ദീനെതിരേ 11 കേസുകളില്‍ അന്വേഷണസംഘം പ്രൊഡക്ഷന്‍ വോറന്റ്‌ പുറപ്പെടുവിച്ചിട്ടുണ്ട്‌. 30 കേസുകളില്‍ അറസ്റ്റ്‌ ചെയ്യാനാണ്‌ അന്വേഷണസംഘം അനുമതി തേടിയത്‌.