പട്‌ന:
ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകള്‍ വരുമ്പോള്‍ തെളിയുന്നത് ബിജെപിയുടെ തനി നിറം. സഖ്യകക്ഷിയായ ഐക്യജനതാദള്‍ നേതാവും മുഖ്യമന്ത്രിയുമായ നിതീഷിനെ തഴഞ്ഞു കൊണ്ടുള്ള പ്രചാരണവും മുന്നണി വിട്ട ചിരാഗ് പാസ്വാനു നല്‍കുന്ന മൗനസമ്മതവും ഇത് ഉറപ്പിക്കുന്നു.
കാല്‍ ഭാഗം വോട്ട് പോലും എണ്ണിക്കഴിഞ്ഞിട്ടില്ലെങ്കിലും ഇതിനകം എന്‍ഡിഎ മുന്നേറ്റം വിവിധ മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞതോടെ നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കില്ലെന്ന് ബിജെപി പ്രതികരിച്ചു. ഫലസൂചനകളനുസരിച്ച് ആകെ 133 ഇടത്ത് എന്‍ഡിഎ ലീഡ് ചെയ്യുമ്പോള്‍ ബിജെപി 73 സീറ്റുകളിലും നിതീഷിന്റെ ഐക്യജനതാദള്‍ 47 സീറ്റുകളിലുമാണ് മുന്‍പില്‍.
മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി നിതീഷിനെ ഉയര്‍ത്തിക്കാട്ടിയാണ് മുന്നണി തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ നിതീഷിനോടുള്ള നിലപാടില്‍ ബിജെപി മാറ്റം വരുത്തിയതായാണ് പ്രചാരണവേദികളില്‍ കണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലികളില്‍ പോലും നിതീഷിനെ മുമ്പത്തെപ്പോലെ കാര്യമായി പരാമര്‍ശിച്ചില്ല.
അതേസമയം മുന്നണി വിട്ടു പുറത്തു പോയ ചിരാഗ് പാസ്വാന്റെ പ്രചാരണതന്ത്രങ്ങളില്‍ അര്‍ത്ഥ ഗര്‍ഭമായ മൗനമാണ് ബിജെപി നേതാക്കള്‍ പുലര്‍ത്തിയത്. നിതീഷിനെ പാസ്വാന്‍ കടന്നാക്രമിച്ചപ്പോഴും ബിജെപി നേതാക്കള്‍ അദ്ദേഹത്തെ പ്രതിരോധിക്കാന്‍ മുന്നോട്ടു വന്നില്ല. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ പ്രസ്‌താവന നിര്‍ണായകമാകുന്നത്.
എന്നാല്‍ തൂക്കു സഭയാണ് വരുന്നതെങ്കില്‍ നിതീഷ് കൂടുതല്‍ജാഗ്രതയോടെ ഇടപെടുമെന്നാണ് കരുതുന്നത്. മുന്നണി രാഷ്ട്രീയത്തില്‍ കാര്യമായ അനുഭജ്ഞാനമുള്ള നിതീഷ് മുഖ്യമന്ത്രി പദവി കൈവിട്ടു പോകാതിരിക്കാന്‍ പ്രഖ്യാപിത ശത്രുവായ ആര്‍ജെഡിയെപ്പോലും പിന്തുണച്ചേക്കുമെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. 2015ല്‍ ആര്‍ജെഡിയുമായി സഖ്യമുണ്ടാക്കി അധികാരം പങ്കിട്ട ശേഷമാണ് എന്‍ഡിഎയിലേക്ക് അദ്ദേഹം തിരിച്ചുവന്നത്.