Sun. Dec 22nd, 2024
Delhi under smoky mist
ഡല്‍ഹി:

ദീര്‍ഘനാളായി അന്തരീക്ഷമലിനീകരണം തുടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ പടക്കങ്ങളടക്കം കരിമരുന്നുപ്രയോഗം വിലക്കി ദേശീയഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്‌. കേരളത്തില്‍ കൊച്ചി ഉള്‍പ്പെടെയുള്ള നഗരമേഖലകളില്‍ വായു മലിനീകരണം കൂടുന്നതായി ട്രൈബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ്‌ ആദര്‍ശ്‌ കുമാര്‍ ഗോയല്‍ അടങ്ങിയ ബെഞ്ച്‌ നിരീക്ഷിച്ചു.  ഈ മാസം 30 വരെയാണ്‌ നിരോധനം.

ഡല്‍ഹിയില്‍ പുകയും പുകമഞ്ഞും ജനജീവിതത്തെ കാര്യമായി ബാധിക്കുന്ന സ്ഥിതിവിശേഷമുണ്ട്‌. ഏറെ നാളായി വായുവിന്റെ ഗുണനിലവാരം താഴോട്ടാണ്‌. വായു മലിനീകരണത്തോത്‌ ഉയര്‍ന്നു നില്‍ക്കുന്ന കൊച്ചിയമടക്കമുള്ള സംസ്ഥാനത്തെ നഗരങ്ങള്‍ക്കും നിയന്ത്രണം ബാധകം.

ദീപാവലിക്കു പിന്നാലെ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ തണുപ്പുകാലത്ത്‌ കൃഷിയിടങ്ങളില്‍ വന്‍തോതില്‍ വൈക്കോലും മാലിന്യങ്ങളും കൂട്ടിയിട്ടു കത്തിക്കുന്നതും പുകശല്യം വര്‍ധിക്കാന്‍ കാരണമാകുന്നു. ദീപാവലിയാഘോഷവേളയിലെ വായുമലിനീകരണത്തോത്‌ കണക്കിലെടുത്ത്‌ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാള്‍ പടക്കനിരോധനത്തിന്‌ തീരുമാനിച്ചിരുന്നു.

മലിനീകരണത്തോത്‌ ഉയര്‍ന്ന മേഖലകളില്‍ നിയന്ത്രണം എങ്ങനെയാകണമെന്ന്‌ സംസ്ഥാനസര്‍ക്കാരുകള്‍ക്കു തീരുമാനിക്കാം. മിതമായ നിരക്കിലോ അനുവദനീയമായതിനു താഴെയോ മലിനീകരണമുള്ള ഇടങ്ങളില്‍ സമയനിയന്ത്രണം പാലിച്ച്‌ പടക്കം പൊട്ടിക്കാം. ഇവിടങ്ങളില്‍പ്പോലും പരമാവധി രണ്ടു മണിക്കൂര്‍ മാത്രമാണ്‌ സമയമനുവദിച്ചിരിക്കുന്നത്‌. കര്‍ണാടക സര്‍ക്കാര്‍ ഭാഗികമായി നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ ഹരിയാന നിയന്ത്രണങ്ങളോടെ അനുമതി നല്‍കും.