Thu. Apr 25th, 2024
Trump

വാഷിംഗ്‌ടണ്‍:

സ്ഥാനമൊഴിയുന്ന യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിനെ കാത്തിരിക്കുന്നത്‌ നിരവധി കേസുകള്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ത്തന്നെ ട്രംപിനെതിരേ നിരവധി കേസുകളുണ്ട്‌. ഇതിനു പുറമേ റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്‌ മുതല്‍ റിയാലിറ്റിഷോ താരങ്ങളുടെ ലൈംഗിക പീഡന പരാതി വരെ നിരവധി കേസുകളാണ്‌ ട്രംപ്‌ നേരിടേണ്ടി വരുക. അഴിമതി, വഞ്ചന, കുടുംബസ്വത്ത്‌ തട്ടിയെടുക്കല്‍ തുടങ്ങി ഡസന്‍ കണക്കിന്‌ കേസുകള്‍ വേറെയുമുണ്ട്‌.

മുംബൈയിലെ ട്രംപ്‌ ടവര്‍. ചിത്രത്തിനു കടപ്പാട്‌: ഇന്ത്യന്‍ എക്‌സ്‌പ്രസ്‌

തിരഞ്ഞെടുപ്പു ക്രമക്കേട്‌ ആരോപിച്ച്‌ ട്രംപും സംഘവും നല്‍കിയ ഒരു പിടി കേസുകളാണ്‌ യുഎസ്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പുഫലത്തിനൊപ്പം ഇപ്പോള്‍ ചര്‍ച്ചയാകുന്നത്‌. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി, ബൈഡനും ഡെമോക്രാറ്റുകള്‍ക്കുമെതിരേ നിരവധി കേസുകള്‍ നല്‍കിയിട്ടുണ്ട്‌. പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ പാര്‍ട്ടി ഏറ്റെടുക്കേണ്ട കേസുകള്‍ക്കായി ഊര്‍ജിത ധനസമാഹാരണം നടത്തി തുടങ്ങിയിരിക്കുകയാണ്‌ റിപ്പബ്ലിക്ക്‌ പാര്‍ട്ടി. ഇതോടൊപ്പം ലോകനഗരങ്ങളില്‍ വികസിച്ചു കിടക്കുന്ന റിയല്‍ എസ്‌റ്റേറ്റ്‌ സാമ്രാജ്യത്തിന്റ അധിപനെന്ന നിലയില്‍ നടത്തിയ ബിസിനസ്‌ ഇടപാടുകള്‍ മുതല്‍ പ്രസിഡന്റ്‌ ആകും മുമ്പുള്ള ലൈംഗിക പീഡനക്കേസുകളിലും ട്രംപ്‌ വിചാരണ നേരിടേണ്ടി വരും.

ഡൊണാള്‍ഡ്‌ ട്രംപ്‌. ചിത്രത്തിനു കടപ്പാട്‌: എന്‍ബിസി

വോട്ടെടുപ്പില്‍ പ്രതികൂല ഫലസൂചനകള്‍ വന്നപ്പോള്‍ മുതല്‍ അതൃപ്‌തി പ്രകടിപ്പിച്ച്‌ ട്രംപ്‌ രംഗത്തു വന്നിരുന്നു. നിയുക്ത പ്രസിഡന്റ്‌ ജോ ബൈഡന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട്‌ ട്രംപ്‌ നിരവധി കേസുകള്‍ നല്‍കിയിട്ടുണ്ട്‌. ജോര്‍ജ്ജിയ, പെനിസില്‍വേനിയ, മിഷിഗണ്‍ എന്നീ സ്റ്റേറ്റുകളില്‍ ട്രംപ്‌ നല്‍കിയ തിരഞ്ഞെടുപ്പു ഹര്‍ജികള്‍ കോടതികള്‍ തള്ളി. രണ്ടു സുപ്രധാന സ്റ്റേറ്റുകളിലെങ്കിലും തെരഞ്ഞെടുപ്പ്‌ ഫലം തടയാനാകുമോയെന്നാണ്‌ ട്രംപിന്റെ ശ്രമം. നെവാഡ, വിസ്‌കോണ്‍സിന്‍ എന്നിവിടങ്ങളില്‍ ക്രമക്കേടും റീ കൗണ്ടിംഗും ആവശ്യപ്പെട്ട്‌ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്‌. ഇതിനൊക്കെ വേണ്ടി റിപ്പബ്ലിക്കന്‍ പാര്‍ട്ടി 60 ദശലക്ഷം ഡോളര്‍ സമാഹരിക്കാനൊരുങ്ങുകയാണ്‌.

പ്രസിഡന്റാകുന്നതിനു മുമ്പ്‌ ട്രംപിനെതിരേ രാജ്യത്തെ കോടതികളില്‍ 3,500 കേസുകളുണ്ടായിരുന്നുവെന്നാണ്‌ യുഎസ്‌എ ടുഡേ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. പ്രസിഡന്റായ ശേഷം ആദായനികുതി അടയ്‌ക്കാത്ത കേസുകളും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. പ്രസിഡന്റ്‌ പദവി നല്‍കിയ ഭരണഘടനാപരമായ സംരക്ഷണം മൂലം ഒഴിവാക്കപ്പെട്ടതോടെ പദവിയിലിരുന്ന്‌ ഒത്തുതീര്‍പ്പാക്കിയതോ ആയ കേസുകളുണ്ട്‌. എന്നാല്‍ ഇതിനേക്കാളൊക്കെ കൗതുകകരം ട്രംപ്‌ നേരിടാനൊരുങ്ങുന്ന വ്യക്തിപരമായ കേസുകളാണ്‌.

സമ്മര്‍ സെര്‍വൊസ്‌. ചിത്രത്തിനു കടപ്പാട്‌: ലോസ്‌ ഏഞ്‌ജല്‍സ്‌ ഡെയ്‌ലി ന്യൂസ്‌

റിയാലിറ്റി ഷോ അവതാരകനായിരുന്ന ട്രംപിനെതിരേ  സമ്മര്‍ സെര്‍വൊസ്‌എന്ന മത്സരാര്‍ത്ഥി 2017ല്‍ നല്‍കിയ ലൈംഗിക പീഡനപരാതിയാണ്‌ അതിലൊന്ന്‌. 2007ല്‍ ദ്‌ അപ്രെന്റിസ്‌ എന്ന ടെലിവിഷന്‍ ഷോയുടെ ചിത്രീകരണത്തിനിടെ തന്നെ പീഡിപ്പിച്ചുവെന്നാണ്‌ പരാതി. എന്നാല്‍ ട്രംപ്‌ ആരോപണം തള്ളുകയും സെര്‍വൊസിനെതിരേ അപകീര്‍ത്തി പരാമര്‍ശം നടത്തുകയും ചെയ്‌തു. 2019ല്‍ സെര്‍വൊസ്‌ തെളിവുകള്‍ സമര്‍പ്പിച്ചെങ്കിലും കേസ്‌ നിലച്ച മട്ടാണ്‌.

ഇ ജീന്‍ കരോള്‍. ചിത്രത്തിനു കടപ്പാട്‌: ദ്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌

കോളമിസ്‌റ്റ്‌ ഇ ജീന്‍ കരോള്‍ ട്രംപിനെതിരേ നല്‍കിയ ബലാത്സംഗക്കേസാണ്‌ അടുത്തത്‌. 1990കളുടെ പകുതിയില്‍ ന്യൂയോര്‍ക്ക്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ സ്റ്റോറില്‍ വെച്ചാണു സംഭവം. എന്നാല്‍ ജീന്‍ കരോളിന്റെ പരാതിയും ട്രംപ്‌ തള്ളി, അവരെ അപമാനിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന്‌ കഴിഞ്ഞ വര്‍ഷം ട്രംപിനെതിരേ അവര്‍ അപകീര്‍ത്തിക്കേസ്‌ ഫയല്‍ ചെയ്‌തു.

യുഎസ്‌ നിയമവകുപ്പാണ്‌ ഇതേ വരെ  കേസ്‌ കൈകാര്യം ചെയ്‌തത്‌. അതേ സമയം ട്രംപ്‌ വക്കീല്‍ ഫീസ്‌ നല്‍കിയില്ലെന്നു കാണിച്ച്‌ അദ്ദേഹത്തിന്റെ വക്കീല്‍ മൈക്കല്‍ കൊഹെന്‍ ന്യൂയോര്‍ക്ക്‌ കോടതിയില്‍ നല്‍കിയ കേസ്‌ വലിയ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. രണ്ടു മില്യണ്‍ ഡോളര്‍ ഫീസിനത്തില്‍ നല്‍കാനുണ്ടെന്നാണ്‌ പരിതിയില്‍ കാണിച്ചിരിക്കുന്നത്‌.

ആദായനികുതി അടയ്‌ക്കേണ്ടതില്ലാത്ത ലാഭേച്ഛയില്ലാത്ത ഫണ്ടുകള്‍ ട്രംപിന്റെ ഹോട്ടല്‍ വ്യവസായത്തില്‍ വകമാറ്റി നിക്ഷേപിച്ചതിനെതിരേയും കേസ്‌ നടക്കുകയാണ്‌. കേസ്‌ റദ്ദാക്കണമെന്ന്‌ ട്രംപിന്റെ ഹര്‍ജി സെപ്‌റ്റംബറില്‍ വാഷിംഗ്‌ടണിലെ ഫെഡറല്‍ കോടതി തള്ളിയിരുന്നു. ഒരു മില്യണ്‍ ഡോളറോളം ഇങ്ങനെ സ്വന്തം ഹോട്ടല്‍ വ്യവസായത്തില്‍ ട്രംപ്‌ നിക്ഷേപിച്ചിട്ടുണ്ടെന്നാണ്‌ കണക്ക്‌.

മേരി ട്രംപ്‌. ചിത്രത്തിനു കടപ്പാട്‌: ദ്‌ ഗാര്‍ഡിയന്‍

കുടുംബസ്വത്ത്‌ തട്ടിയെടുത്തെന്ന പരാതി ട്രംപിനെതിരേ ഉന്നയിച്ചത്‌ അനന്തരവള്‍ മേരി ട്രംപ്‌ ആണ്‌. ജൂലൈയില്‍ പുറത്തിറക്കിയ പുസ്‌തകത്തിലാണ്‌ ട്രംപും സഹോദരനും സഹോദരിയും തനിക്കു സ്വത്തവകാശം നിഷേധിക്കാന്‍ ഒത്തുകളിച്ചുവെന്ന്‌ പരാമര്‍ശിച്ചത്‌. ഇതിനു പുറമെ 2015ല്‍ ന്യൂയോര്‍ക്കില്‍ മെക്‌സിക്കന്‍- യുഎസ്‌ പ്രതിഷേധക്കാരെ ട്രംപ്‌ ടവറിലെ സുരക്ഷാ ഭടന്മാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ഇടക്കാലവിധിയില്‍ സ്‌റ്റേ ചെയ്‌ത സിവില്‍, ക്രിമിനല്‍ കേസുകളും നേരിടേണ്ടി വരുമെന്നാണ്‌ റിപ്പോര്‍ട്ട്‌.