Tue. Apr 23rd, 2024
Arnab Goswami

മുംബെെ:

ആത്മഹത്യ പ്രേരണക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്ത് റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യമില്ല. അര്‍ണബിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളി. അധികാരപരിധി മറികടന്ന് ജാമ്യം നല്‍കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. വിചാരണ കോടതിയെ മറികടന്ന് ഹെെക്കോടതി ജാമ്യം നല്‍കേണ്ട അസാമാന്യ സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.

അര്‍ണബ് ഗോസ്വാമിക്ക് സെഷന്‍സ് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സെഷന്‍സ് കോടതി നാലുദിവസത്തിനകം ജാമ്യാപേക്ഷ തീര്‍പ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസ് റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അര്‍ണബ് ബോംബെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.

https://www.youtube.com/watch?v=T6cgdi-q6UA

ജയിലില്‍ വച്ച് താൻ അക്രമിക്കപ്പെട്ടുവെന്ന അർണബിന്റെ പരാതി വന്നതോടെ ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരി മഹാരാഷ്ട്ര സര്‍ക്കാരിനെ ആശങ്ക അറിയിച്ചിരുന്നു. കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ഗവര്‍ണര്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖുമായി സംസാരിച്ചിരുന്നു.

അലിബാഗിലെ താത്കാലിക ജയിലില്‍ അനധികൃതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ചയാണ് അര്‍ണബിനെ തലോജ ജയിലിലേക്ക് മാറ്റിയത്. അലിബാഗിലെ താത്കാലിക ജയിലില്‍ വച്ച് ജയിലര്‍ തന്നെ അക്രമിച്ചുവെന്നും തന്റെ ജീവന്‍ അപകടത്തിലാണെന്നും അഭിഭാഷകരെ കാണാന്‍ അനുവദിക്കുന്നില്ലെന്നും അര്‍ണബ് തലോജ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ പോലീസ് വാനില്‍ വച്ച് റിപ്പബ്ലിക് ചാനലിനോടാണ് വിളിച്ചുപറഞ്ഞത്. അതേസമയം, അര്‍ണബിന് ഫോണ്‍ ലഭിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

2018ല്‍ ഇന്‍റീരിയര്‍ ഡിസെെനര്‍ ആന്‍വി നായിക്കിന്‍റെയും അദ്ദേഹത്തിന്‍റെ അമ്മ കുമുദ് നായിക്കിന്‍റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോള്‍ അര്‍ണബിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയത്.  ഗോസ്വാമിയും മറ്റ് രണ്ട് പേരും തനിക്ക് നല്‍കാനുള്ള 5.40 കോടി രൂപ നല്‍കിയില്ലെന്നും ഇതാണ് സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമെന്നും ചാനലിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്ത അദ്ദേഹം ആത്മഹ്യ കുറിപ്പില്‍ പറഞ്ഞിരുന്നു.

By Binsha Das

Digital Journalist at Woke Malayalam