Sun. Dec 22nd, 2024
Dilip-Ghosh-

കൊൽക്കത്ത:

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പരസ്യമായി വധഭീഷണി മുഴക്കി പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ശീലം ആറ് മാസത്തിനകം മാറ്റിയില്ലെങ്കില്‍ കയ്യും കാലും വാരിയെല്ലുകളും തല്ലിയൊടിക്കുമെന്നും എന്നിട്ടും തുടരുകയാണെങ്കില്‍ കുഴിച്ചുമൂടുമെന്നുമാണ് ദിലീപിന്‍റെ ഭീഷണി.

ഈസ്റ്റ് മിഡ്‌നാപൂരിലെ ഹാല്‍ദിയയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരെ പീഡിപ്പിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സ്വഭാവം ആറ് മാസത്തിനകം തിരുത്തണമെന്നാണ് ബിജെപി അധ്യക്ഷന്‍റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് ഏപ്രിലിലോ മേയിലോ തെരഞ്ഞെടുപ്പ് നടക്കുമെന്നും നീതിപൂര്‍വകമായ വോട്ടെടുപ്പ് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പൊലീസില്ലാതെ കേന്ദ്ര സേനകളുടെ സാന്നിധ്യത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുകയെന്നും ബിജെപി നേതാവ് പറഞ്ഞു.

ഭീകരത അഴിച്ചുവിടാനാണ് ബിജെപിയുടെ ശ്രമമെന്ന് ടിഎംസി നേതാവ് സുഗത റോയ് പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങൾ അവർക്ക് ഉചിതമായ മറുപടി നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.