Thu. Jan 23rd, 2025
Kamala Haris

വാഷിങ്ടണ്‍ ഡിസി:

അമേരിക്കന്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് ഇന്ത്യൻ വംശജയും യുഎസിന്‍റെ നിയുക്ത പ്രഥമ  വൈസ് പ്രസിഡന്‍റുമായ കമലാ ഹാരിസ്. റിപ്പബ്ലിക്കൻ സ്ഥാനാർഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ മൈക്ക് പെൻസിനെയാണു കമല തോൽപ്പിച്ചത്.

ഞങ്ങളെ വിശ്വസിച്ച അമേരിക്കന്‍ ജനതയ്ക്ക് നന്ദിപറയുന്നു. ജനാധിപത്യത്തിന് വേണ്ടി നിങ്ങള്‍ എത്രത്തോളം പോരാടുന്നു എന്നതിനനുസരിച്ചാവും അതിന്റെ ശക്തി. അതാണ് ഇപ്പോള്‍ അമേരിക്കന്‍ ജനത ചെയ്തത്. ജനാധിപത്യമെന്നാല്‍ ഒരു സ്ഥിതി അല്ല, പ്രവൃത്തിയാണെന്ന് ജോണ്‍ ലെവിസ് പറഞ്ഞത് അതുകൊണ്ടാണെന്നും കമല അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞു.

ജോ ബൈഡന് വോട്ട് ചെയ്തതിലൂടെ പുതിയ പ്രതീക്ഷയ്ക്കും ഐക്യത്തിനും സത്യത്തിനുമാണ് നിങ്ങള്‍ വോട്ട് ചെയ്തത്. പ്രസിഡന്റ് ഓഫീസില്‍ ആദ്യത്തെ വനിത ഞാനായിരിക്കാം പക്ഷേ അവസാനത്തെ വനിത ഞാന്‍ ആയിരിക്കില്ല. കാരണം രാജ്യത്തെ ഓരോ പെണ്‍കുട്ടിയും ഈ സാധ്യത തിരിച്ചറിയുന്നു”- കമല പറഞ്ഞു.

അതേസമയം, ‘നമ്മൾ അതു നേടി’ എന്ന് കമല ഹാരിസ് ബൈഡനോട് പറയുന്ന വീഡിയോ തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ കമല ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ‘ജോ നിങ്ങളാണ് അടുത്ത് യുഎസ് പ്രസിഡന്‍റ്’ എന്ന് പറഞ്ഞ് സന്തോഷത്തോടെ കമല പൊട്ടിച്ചിരിക്കുന്നതാണ് വീഡിയോയില്‍. മിനിറ്റുകൾക്കകം ദശലക്ഷക്കണക്കിനു പേരാണ് വീഡിയോ കണ്ടത്.

 

 

 

By Binsha Das

Digital Journalist at Woke Malayalam