വാഷിംഗ്‌ടൺ:
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് നിയുക്ത പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും. അമേരിക്കയുടെ ലോക നേതൃപദവി തിരിച്ചു പിടിക്കുമെന്ന് ജോ ബൈഡൻ പറഞ്ഞു. രാജ്യത്തെ ഒന്നിപ്പിക്കുന്ന പ്രസിഡന്റ് ആയിരിക്കും. ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് ജോ ബൈഡൻ നന്ദി പറയുകയും ചെയ്തു.
രാജ്യം ജനാധിപത്യത്തിന്റെ അന്തസ് കാത്ത് സൂക്ഷിച്ചു. ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് അമേരിക്കൻ ജനത സമ്മാനിച്ചത്. തെരഞ്ഞെടുപ്പിൽ എല്ലാ വിഭാഗത്തിൽപ്പെട്ട ജനങ്ങളുടേയും പിന്തുണ ലഭിച്ചു. വംശീയത തുടച്ചു നീക്കി ഒന്നിച്ചു നിൽക്കേണ്ട സമയമാണിത്. ആക്രോശങ്ങൾ മാറ്റിവച്ച് ഒന്നിച്ച് പ്രവർത്തിക്കണം. ഡോണൾഡ് ട്രംപിന് വോട്ട് ചെയ്തവരെ നിരാശരാക്കില്ല. ശാസ്ത്രജ്ഞരുടെ പിന്തുണയോടെ കൊവിഡിനെ നേരിടുമെന്നും ജോ ബൈഡൻ പറഞ്ഞു.
വൈസ് പ്രസിഡന്റ് പദവിയിലെത്തിയ ഇന്ത്യൻ വംശജ കമലാ ഹാരിസിനേയും ജോ ബൈഡൻ അഭിനന്ദിച്ചു. കുടിയേറ്റക്കാരുടെ മകൾ വൈസ് പ്രസിഡന്റായി. കമലയ്‌ക്കൊപ്പം പ്രവർത്തിക്കുന്നതിൽ അഭിമാനമെന്നും ജോ ബൈഡൻ കൂട്ടിച്ചേർത്തു.