അർജന്റീനിയൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും യുണെസ്കോ അംബാസഡറും ആയിരുന്ന ഫെര്‍ണാണ്ടോ സോലാനസ് അന്തരിച്ചു. മൂന്ന് ആഴ്ചയായി കൊവിഡ് ബാധയെ തുടർന്ന് പാരീസിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 84 വയസായിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ മുൻ സെനറ്റർ കൂടിയായിരുന്ന സോലാനസിന്റെ മരണം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. തുടർന്ന് ഇന്നാണ് അദ്ദേഹത്തിന്റെ മരണം വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
2019 കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് നൽകി സോലാനസിനെ ആദരിച്ചിരുന്നു. ‘മൂന്നാംലോക സിനിമ’ എന്ന വിപ്ളവകരമായ ചലച്ചിത്ര പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളിലൊരാണ് ഫെര്‍ണാണ്ടോ സോലാനസ്. ലാ ഹോറ ഡി ലോസ് ഹോർനോസ് (ദി ഹവർ ഓഫ് ഫർണസ്) (1968), ടാംഗോസ്: എൽ എക്സിലിയോ ഡി ഗാർഡൽ (1985), സർ (1988), എൽ വയജെ (1992), ലാ ന്യൂബ് (1998), മെമ്മോറിയ ഡെൽ സാക്വിയോ ( 2004), തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ.
അർജന്റീനിയൻ ഭരണ നേതാക്കളും, പ്രതിപക്ഷ നേതാക്കളും, കലാ-സാംസ്കാരിക രംഗത്തെ ഉന്നതരും വിഖ്യാത താരമായിരുന്ന പിനോ സോലാനസിന് ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി.