Mon. Dec 23rd, 2024
believers church FCRA license will be revoked

 

പത്തനംതിട്ട:

ചാരിറ്റി പ്രവർത്തനങ്ങൾക്കെത്തിയിരുന്ന പണം വിവിധ ആവശ്യങ്ങൾക്കായി വക മാറ്റിയതായി കണ്ടെത്തിയതിനെ തുടർന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ എഫ്സിആർഎ ലൈസൻസ് റദ്ദാക്കിയേക്കുമെന്ന് സൂചന. വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിന്റെ ലംഘനമാണ് ബിലിവേഴ്സ് സ്ഥാപനങ്ങളിൽ നടക്കുന്നതെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.

വിവിധ ജില്ലകളിലുള്ള ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ 40 സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിന്റെ ഫലമായാണ് കണ്ടെത്തൽ. സഭയുടെ ഉടമസ്ഥതയിലുള്ള സ്കൂളുകൾ, കോളേജുകൾ, ട്രസ്റ്റുകളുടെ ഓഫീസുകൾ എന്നിവിടങ്ങളിലും ബിഷപ്പ് കെപി യോഹന്നാൻ്റെ വീട്ടിലും അദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. പരിശോധന നടത്തിയ സ്ഥാപനങ്ങളിൽ നിന്നും അനധികൃതമായ പല സാമ്പത്തിക ഇടപാടിന്റെയും രേഖകൾ കണ്ടെത്തി.

അതേസമയം സഭയെ അപകീർത്തിപ്പെടുത്തിയ സംഭവങ്ങൾക്ക് പിന്നിൽ ചില നടത്തിപ്പുകാരാണെന്നാരോപിച്ച് ബിലീവേഴ്സ് സേവ് ഫോറം രംഗത്തെത്തി. ബിലീവേഴ്സ് സഭ തലവൻ ബിഷപ്പ് കെ പി യോഹന്നാൻ നിലവിൽ അമേരിക്കയിലാണ്. ലാസ്റ്റ് അവർ മിനിസ്ട്രി, ലവ് ഇന്ത്യ മിനിസ്ട്രി, അയന ചാരിറ്റബിൾ ട്രസ്റ്റ്, എന്നീ പേരുകളിലാണ് സഭയുടെ ട്രസ്റ്റുകൾ പ്രവർത്തിച്ചിരുന്നത്. വിദേശ ബന്ധമുള്ള സാമ്പത്തിക ക്രമക്കേട് ആയതിനാൽ സിബിഐയോ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റോ കേസ് ഏറ്റെടുത്ത് അന്വേഷിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam