Fri. Nov 22nd, 2024
Joe Biden
വാഷിംഗ്‌ടണ്‍:

നിര്‍ണായക സംസ്ഥാനങ്ങളായ പെനിസില്‍വേനിയയിലും ജോര്‍ജിയയിലും വ്യക്തമായ മേല്‍ക്കൈ നേടിയതോടെ അമേരിക്കന്‍ പ്രസിഡന്റായി ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ത്ഥി ബൈഡന്‍ സ്ഥാനമുറപ്പിച്ചു.

പെനിസില്‍വേനിയയില്‍ 5596ഉം ജോര്‍ജിയയില്‍ 1097ഉം വോട്ടിനാണ്‌ അവസാനമായി സ്ഥിരീകരിച്ച ഫലമറിയുമ്പോള്‍ ബൈഡന്റെ ലീഡ്‌ നില. ഇതോടെ 273 ഇലക്ട്രറല്‍ വോട്ടോടു കൂടി ജോ ബൈഡന്‍ യുഎസ്‌ പ്രസിഡന്റാകുമെന്ന്‌ ഏറെക്കുറെ ഉറപ്പായി. 270 വോട്ടാണ്‌ കേവലഭൂരിപക്ഷത്തിനു വേണ്ടത്‌.

നെവാഡയില്‍ 11,438 വോട്ടിന്‌ ഗംഭീര ലീഡാണ്‌ ലഭിച്ചിരിക്കുന്നത്‌. രാജ്യാന്തര വാര്‍ത്താ ഏജന്‍സി അസോഷ്യേറ്റഡ്‌ പ്രസ്‌ ബൈഡന്‌ 264 സീറ്റുകള്‍ ലഭിച്ചതായി വ്യക്തമാക്കിയപ്പോള്‍ വിവിധ യുഎസ്‌ മാധ്യമങ്ങള്‍ 254 വോട്ടുകള്‍ അദ്ദേഹം നേടിയതായി സ്ഥിരീകരിച്ചിട്ടുണ്ട്‌. അതേ സമയം ട്രംപ്‌ 214 വോട്ട്‌ നേടിയെന്നാണ്‌ എപി പറയുന്നത്‌. എന്നാല്‍ 213വോട്ടുകളാണ്‌ ഇതേവരെ കിട്ടിയതെന്നാണ്‌ മറ്റു യുഎസ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌.

പെനിസില്‍വേനിയ മാത്രം പിടിച്ചാല്‍ ബൈഡന്‌ പ്രസിഡന്റാകാം. എന്നാല്‍ ട്രംപിന്‌ ഇവിടത്തെ വിജയത്തിനൊപ്പം മറ്റു മൂന്നു സ്റ്റേറ്റുകള്‍ കൂടി പിടിക്കണം. അതിനാല്‍ത്തന്നെ വിജയം സുനിശ്ചിതമെന്നാണ്‌ റിപ്പോര്‍ട്ട്‌. ബൈഡനാണെങ്കില്‍ 20 സീറ്റുള്ള പെനിസില്‍വേനിയ കിട്ടിയില്ലെങ്കിലും 16 സീറ്റുള്ള ജോര്‍ജിയ, 15 സീറ്റുള്ള നോര്‍ത്ത്‌ കരോലിന, 11 സീറ്റുള്ള അരിസോണ, ആറു സീറ്റുള്ള നെവാഡ എന്നിവയില്‍ ഏതെങ്കിലും രണ്ട്‌ സ്‌റ്റേറ്റുകള്‍ കൂടി പിടിച്ചാല്‍ മതി.

എന്നാല്‍ പരാജയഭീതിയിലായതോടെ ട്രംപ്‌ ബൈഡനും തിരഞ്ഞെടുപ്പ്‌ രീതിക്കുമെതിരേ കടുത്ത രോഷപ്രകടനം നടത്തുകയാണ്‌. കൗണ്ടിംഗ്‌ അംഗീകരിക്കില്ലെന്ന പ്രഖ്യാപിച്ചതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയംഗങ്ങളും സ്ഥാനാര്‍ത്ഥികളും തെരുവിലിറങ്ങുകയും പ്രതിഷേധപ്രകടനങ്ങള്‍ ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്‌തിട്ടുണ്ട്‌.