കോഴിക്കോട്:
മുസ്ലിം ലീഗ് എംഎല്‍എ കെ എം ഷാജിയുടെ വീടിന്റെ പ്ലാന്‍ ക്രമപ്പെടുത്താനുള്ള അപേക്ഷ കോഴിക്കോട് കോര്‍പ്പറേഷന്‍ തള്ളി. പിഴവുകള്‍ നികത്തി വീണ്ടും അപേക്ഷ സമര്‍പ്പിക്കണമെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി അറിയിച്ചു.
വേങ്ങേരി വില്ലേജില്‍ കെ എം ഷാജി നിര്‍മ്മിച്ച വീടിന്റെ കാര്യത്തില്‍ നേരത്തെ കോര്‍പ്പറേഷന്‍ കെഎം ഷാജിക്ക് നോട്ടീസ് അയച്ചിരുന്നു. സമര്‍പ്പിച്ച പ്ലാനിലുള്ളതിനേക്കാള്‍ അളവിലാണ് വീടിന്റെ നിര്‍മാണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. തുടര്‍ന്ന് അദ്ദേഹം പ്ലാന്‍ ക്രമപ്പെടുത്തണം എന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കുകയായിരുന്നു. ഈ അപേക്ഷയില്‍ പിഴവുകഴുണ്ടെന്നും വീണ്ടും തിരുത്തി നല്‍കണമെന്നുമാണ് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, അഴീക്കോട് പ്ലസ് ടു കോഴക്കേസിൽ കെ എം ഷാജി എംഎൽഎയെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഈ മാസം 10ന് ചോദ്യം ചെയ്യും. കോഴിക്കോട് ഇഡി നോർത്ത് സോൺ ഓഫീസിൽ ആയിരിക്കും ചോദ്യം ചെയ്യൽ.
പ്ലസ്ടു കോഴ്സ് അനുവദിക്കാനായി കെഎം ഷാജി എംഎൽഎ അഴീക്കോട് സ്കൂൾ മാനേജ്മെന്റിൽ നിന്നും 25 ലക്ഷം കോഴവാങ്ങിയെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്നാണ് വിജിലൻസ് എഫ്ഐആറില്‍ പറഞ്ഞിരുന്നു. എംഎൽഎയ്ക്കെതിരെ വിശദമായ അന്വേഷണം വേണമെന്നും വിജിലൻസ് തലശ്ശേരി കോടതിയിൽ സമർപ്പിച്ച എഫ്ഐആറില്‍ ആവശ്യപ്പെട്ടിരുന്നു. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭനായിരുന്നു കെഎം ഷാജിക്കെതിരെ പരാതി നല്‍കിയിരുന്നത്.