Sun. Dec 22nd, 2024
street stories of panampilly nagar
കൊച്ചി:

കോവിഡും ലോക്ക് ഡൗണും സൃഷ്ടിച്ച ജീവിത പ്രതിസന്ധികളുടെ അതിജീവനത്തിനുള്ള പുതു മാര്‍ഗമായി വഴിയോര വിപണി സജീവം. കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ടവരും ഇടക്കാലത്ത് പട്ടിണി മാറ്റാൻ കച്ചവടത്തിന് ഇറങ്ങിയവരുമാണ് വഴിയോര വിപണി സജീവമാക്കുന്നത്. പല തരം ഉല്‍പ്പന്നങ്ങളാണ് വിപണയിലെത്തുന്നത്. കൊച്ചി നഗരത്തിലെ തെരുവുകളിലും റോഡരികിലും കച്ചവടക്കാര്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് തൊഴില്‍ ഇല്ലാതായതോടെ കുടുംബം പുലര്‍ത്താന്‍ പുതിയ വഴി കണ്ടെത്തിയവരാണ് ഇവരിൽ പലരും. 

Street Vendors at Panampilly nagar, Kochi
പനമ്പിള്ളി നഗറിലെ വഴിയോര കാഴ്ചകൾ

കശുവണ്ടിപ്പരിപ്പും കായ വറുത്തതും അലങ്കാര മീനുകളും മൺപാത്രവും ഫ്രൂട്ട്സും പച്ചക്കറികളും നിരത്തിവെച്ചാണ് കച്ചവടം. 100 രൂപക്ക് ആറുകിലോ സവാള മുതൽ നാലുകിലോ കൈതച്ചക്ക, ആറുകിലോ കപ്പ തുടങ്ങി ആകർഷക ബോർഡുകൾ തൂക്കിയാണ് കച്ചവടം. ചായയും കടിയും ബിരിയാണിയും ഇലയൂണും പൊറോട്ടയുമെല്ലാം വഴിയോരത്ത് സജീവമാണ്.

banana sale
കൊച്ചിയിലെ വഴിയോര കച്ചവടം

കോവിഡിനെ ചെറുക്കാൻ അലങ്കാര മത്സ്യങ്ങൾ 

“ഒട്ടേറെ ടൂറിസ്റ്റ് ഗൈഡുകൾക്ക് എന്നെ അറിയാം അതിനാൽ എന്റെ പേര് വെളിപ്പെടുത്തല്ലേ…എന്റെയീ  അവസ്ഥ അവരറിയരുത്…” എറണാകുളം നഗരത്തിലെ പനമ്പള്ളി നഗറിൽ കച്ചവടം നടത്തുന്ന ഡൽഹിക്കാരനായ മധ്യവയസ്‌കൻ പറഞ്ഞു. 20 വർഷമായി മട്ടാഞ്ചേരിയിൽ ടൂറിസ്റ്റ് ഗൈഡ് ആയും കരകൗശല വസ്തുക്കൾ വില്പന നടത്തിയും ജീവിക്കുകയാണ് അദ്ദേഹം. ടൂറിസ്റ്റുകളുടെ വരവ് നിലച്ചതോടെ ജീവിതം വഴിമുട്ടിയ അദ്ദേഹം രണ്ടു മാസമായി പനമ്പള്ളിനഗറിൽ മാസ്ക്കും, അലങ്കാര മത്സ്യങ്ങളും വിൽക്കുകയാണ്.

sale of aquarium fishes, Panampilly Nagar, Kochi
പനമ്പിള്ളി നഗറിലെ അലങ്കാര മത്സ്യകച്ചവടം

20 രൂപ മുതൽ 500 രൂപ വരെ വില വരുന്ന മത്സ്യങ്ങളാണ് ഇദ്ദേഹം വിൽക്കുന്നത്. ചെറിയ ഫിഷ് ടാങ്കുകളിൽ നിറച്ച വിവിധയിനം അലങ്കാര മത്സ്യങ്ങൾ റോഡരികിൽ ഒരു കാറിനുള്ളിൽ നിരത്തി വച്ചാണു കച്ചവടം. സ്വീകരണ മുറികൾക്കു വർണം പകരുന്ന മത്സ്യങ്ങൾ തന്റെ ജീവിതത്തിനും നിറം പകരുമെന്ന വിശ്വാസത്തിലാണ് അദ്ദേഹം.

പൈനാപ്പിൾ അതിജീവന മധുരം പകർന്നപ്പോൾ

“കോവിഡ് ആണ് എന്നെ പൈനാപ്പിൾ കച്ചവടത്തിൽ എത്തിച്ചത് ഇന്ന് ഓട്ടോ ഓടിച്ചാൽ കിട്ടുന്നതിലും ലാഭം എനിക്ക് ഈ കച്ചവടത്തിൽ നിന്ന് ലഭിക്കുന്നുണ്ട്.” 40 ത് വയസ്സുള്ള മുവാറ്റുപുഴ സ്വദേശി ഷിജു പറയുന്നു. ലോക്ഡൗണിനു മുൻപ് ഓട്ടോറിക്ഷ ഓടിച്ചായിരുന്നു ഷിജു കുടുംബത്തിനുള്ള വരുമാനം കണ്ടെത്തിയിരുന്നത്. ലോക്ക്ഡൗണോടെ ഓട്ടോറിക്ഷക്ക് ഓട്ടം നിലച്ചപ്പോൾ പൈനാപ്പിൾ കച്ചവടത്തിനിറങ്ങുകയായിരുന്നു ഷിജു. പൈനാപ്പിൾ കച്ചവടം തുടരാൻ തന്നെയാണ് ഷിജുവിന്റെ തീരുമാനം.

pineapple sale in panampilly nagar
പനമ്പിള്ളി നഗറിലെ പൈനാപ്പിൾ കച്ചവടം

കോവിഡ് പുതിയ ജീവിതമാർഗം തന്നു. ഓട്ടോയുടെ ഓട്ടം നിലച്ചെങ്കിലും ഇതിൽ സന്തോഷവാനാണെന്നും അദ്ദേഹം പറയുന്നു. നാട്ടുകാരുടെ നല്ല സഹകരണവും അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. എ ഗ്രേഡ് പൈനാപ്പിൾ നൽകിയാൽ ലാഭം കുറവാണ്, എന്നാലും നല്ലയിനം പൈനാപ്പിളായതിനാൽ വാങ്ങിയവർ വീണ്ടും വന്ന് വാങ്ങും. അതാണ് സന്തോഷം.

‘10 രൂപക്ക് മക്കളുടെ വീട്ടിൽ പോയി തെണ്ടണ്ടല്ലോ?’

“10 രൂപക്ക് മക്കളുടെ വീട്ടിൽ പോയി തെണ്ടണ്ടല്ലോ അതുകാരണം വന്നിരിക്കുന്നതാ മോളെ”, പനങ്ങാട് സ്വദേശിയായ 55 വയസുകാരിയായ ആയിഷ പറഞ്ഞു. ലോക്ക് ഡൗണിന് മുമ്പ് അവര്‍ വീട്ടുജോലി ചെയ്യുകയായിരുന്നു. ലോക്ക്ഡൗൺ വന്നതോടെ ആ ജോലി നഷ്ടപ്പെട്ടു. ഇപ്പോൾ പനമ്പിള്ളി  നഗറിൽ പലഹാരങ്ങൾ വിൽക്കുന്നു. വലിയ ലാഭം ഇല്ലങ്കിലും മറ്റുള്ളവരുടെ മുൻപിൽ കൈനീട്ടാതെ ജീവിക്കാൻ ഇത് സഹായിക്കുന്നു.

 

snacks and food sale in panampilly nagar
പനമ്പിള്ളി നഗറിലെ പലഹാര കച്ചവടം

80–85 രൂപയ്ക്ക് മൊത്ത വില്പനക്കാരിൽ നിന്നു വാങ്ങി 100 രൂപയ്ക്കാണ് അരക്കിലോ ഏത്തക്കായ വറുത്തത് വിൽക്കുന്നത്. ഒരു പായ്ക്കറ്റിൽ 15–20 രൂപ ലാഭം കിട്ടും. ദിവസം 30–25 പായ്ക്കറ്റുകൾ വിറ്റാൽ 500 രൂപയോളം കിട്ടുമെന്ന് ആ ചേച്ചി പറഞ്ഞവസാനിപ്പിച്ചു.

‘വെറുതെ ഇരുന്ന് മടുത്തു’

പലഹാരം വിൽക്കുന്ന ആ 17 കാരൻ ചെറുപ്പക്കാരൻ. പ്ലസ്ടു കഴിഞ്ഞ ഈ കൊച്ചുമിടുക്കൻ ഇന്ന് പനമ്പള്ളി നഗറിൽ പലഹാരങ്ങളും തേങ്ങയും വിൽക്കുകയാണ്. അവധി ആണ് എന്നാലും വീട്ടിൽ ഇരുന്ന് സമയം കളയാൻ അവൻ തയ്യാറല്ല. പൊള്ളുന്ന വെയിലത്തു അവൻ തന്റെ കച്ചവടത്തിൽ മുഴുകി ഇരിക്കുകയാണ്. സ്വന്തം കടയല്ല ബന്ധുവിന്റേതാണ് അദ്ദേഹത്തെ സഹായിച്ചാൽ ഒരു പങ്ക് അവനും ലഭിക്കും. അതിൽ അവൻ സന്തുഷ്ടനാണ്. “ഇവിടുന്നു കിട്ടുന്ന പണം പോക്കറ്റ് മണിക്കുള്ളതായി. ഇനിയും പഠിക്കണം. കോളേജിൽ പോകും വരെ ഇത് തുടരും, വീട്ടിൽ ഇരുന്നു മടുത്തു. ഫോട്ടോയും വീഡിയോയും ഒന്നും എടുക്കല്ലേ ചേച്ചി,” അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു നിർത്തി. തുടർന്നും സംസാരിക്കണം എന്നുണ്ടായിരുന്നു അപ്പോഴേക്കും പലഹാരം വാങ്ങാൻ ആളെത്തിക്കഴിഞ്ഞു. അവനാ തിരക്കിലങ്ങനെ മുഴുകി.

coconut and snacks sale in panampilly nagar
പനമ്പിള്ളി നഗറിലെ മറ്റൊരു വഴിയോര കച്ചവടം

പച്ചമരത്തണലിൽ

കൊച്ചി സ്വദേശികളായ മനുവും സരുണും ജോലിക്കു പോകാനാവാതെ വന്നപ്പോൾ തുടങ്ങിയതാണ് വഴിയോരത്ത് ഇൻഡോർ പ്ലാന്റ്‌സിന്റെ കച്ചവടം. മറ്റൊരു ജോലി ഉണ്ടെങ്കിലും മുൻപോട്ട് പോകാൻ ആ ശമ്പളം തികയാതെ വന്നതോടെയാണ് കോവിഡ് വരുത്തി വെച്ച പ്രതിസന്ധികളെ മറികടക്കാൻ ഈ ചെറുപ്പക്കാർ ജോലി കഴിഞ്ഞുള്ള ബാക്കി സമയം പനമ്പള്ളി നഗറിൽ ഇൻഡോർ പ്ലാന്റ്‌സിന്റെ കച്ചവടത്തിനായി മാറ്റിവെച്ചത്. ഇൻഡോർ പ്ലാന്റ്സ് മാത്രമല്ല സാനിറ്റെസറും മാസ്ക്കും ഒക്കെ അവരുടെ പക്കൽ ഉണ്ട്.

sale of indoor plants in panampilly nagar
ഇൻഡോർ പ്ലാന്റ്‌സിന്റെ വിപണനം

കോവിഡ് കാലത്ത് ആളുകൾ അധിക സമയവും വീടുകളിൽ ചെലവഴിക്കാൻ തുടങ്ങിയതോടെയാണ് ഇൻഡോർ പ്ലാന്റ്‌സിന്റെ വിൽപനയും ആവശ്യക്കാരും കൂടിയത് അതോടെയാണ് ഇൻഡോർ പ്ലാന്റ്‌സിന്റെ കച്ചവടം എന്ന ആശയം മനസ്സിൽ ഉദിച്ചതെന്ന് സരുൺ പറഞ്ഞു “മറ്റൊരു ജോലി ഉള്ളതാ…കൂടുതൽ ഡീറ്റെയിൽസ് പുറത്തു പറയരുതെ…വർക്ക് കഴിഞ്ഞ് ഫ്രീ ആയി ഇരിക്കുന്ന സമയം ഈ കച്ചവടത്തിനായി ഉപയോഗിക്കുന്നത് അത്യാവശ്യം ലാഭം ഉണ്ട്…,” മനു കൂട്ടിച്ചേർത്തു. കോവിഡ് കാലം കഴിയുന്നതു വരെ ഇവിടെയുണ്ടാകുമെന്നും അവർ പറയുന്നു. ആ പച്ചമരങ്ങൾ അവരുടെ  ജീവിതത്തിനു തണലാകുമെന്ന് പ്രതീക്ഷിക്കാം.

‘തോറ്റു കൊടുക്കാൻ പറ്റില്ല…’

കോവിഡ് കാരണം ജോലി വഴിമുട്ടിയതോടെ വഴിയോര കച്ചവടക്കാരന്റെ റോളില്‍ അബ്ബാസ്. എറണാകുളം മാർക്കറ്റിലെ ചുമട്ടുതൊഴിലാളി ആയിരുന്നു 47-കാരനായ അബ്ബാസ് . കോവിഡ് വന്നതോടെ ആ ജോലി നഷ്ടപ്പെട്ടു. ഇപ്പോൾ പനമ്പള്ളി നഗറിൽ പഴവും പച്ചക്കറിയും വില്പന നടത്തുന്നു.

 

fruits and vegetable sale
വഴിയോര പഴം പച്ചക്കറി വില്പന

രാവിലെ ഒൻപതിന് തുടങ്ങുന്ന കച്ചവടം പച്ചക്കറികൾ വിറ്റ് തീരുന്നതുവരെ തുടരും. ആളുകൾ വാങ്ങുന്നുണ്ട്. വായ്പ അടയ്ക്കാനും വീട്ടിലെ കാര്യങ്ങൾക്കും പണം കണ്ടെത്താനുമായി ആണ് ഈ കച്ചവടത്തിലേക്ക് അബ്ബാസ് ചുവട് വെച്ചത്. മോശമല്ലാത്ത രീതിയിൽ സാധനങ്ങൾ ചെലവാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു “വരുമാനം നിലച്ചപ്പോൾ ആകെക്കൂടി പതറിപ്പോയി. അങ്ങനെ പെട്ടെന്നൊന്നും തോറ്റു കൊടുക്കാൻ പറ്റില്ല…,”പച്ചക്കറി കൊടുക്കുന്നതിനിടെ അബ്ബാസ് പറഞ്ഞു.അനുഭവങ്ങളുടെ ആഴമുണ്ട് ആ വാക്കുകളിൽ.

ടാക്സിയിൽ എത്തുന്ന അലങ്കാര മൽസ്യങ്ങൾ

ഇടക്കൊച്ചി സ്വദേശി ജൂഡ് ഓൺലൈൻ ടാക്സി ഡ്രൈവർ ആയിരുന്നു. ലോക്ക്ഡോൺ വന്നതോടെ പണിയില്ലാതായി.ഇപ്പോൾ പനമ്പള്ളി നഗറിൽ അലങ്കാര മത്സ്യങ്ങളെ വിൽക്കുന്നു. 20 രൂപ മുതൽ 500 രൂപ വരെ വില വരുന്ന മത്സ്യങ്ങളാണ് അദ്ദേഹം വിൽക്കുന്നത്. ഇടക്കൊച്ചിയിലെ വീട്ടിൽ നിന്നും രാവിലെ അലങ്കാര മത്സ്യങ്ങളുമായി ജൂഡ് പനമ്പള്ളി നഗറിലെത്തും വൈകിട്ട് വരെയാണ് കച്ചവടം. ഭേദപ്പെട്ട കച്ചവടം നടക്കുന്നുണ്ടെന്ന് ജൂഡ് പറയുന്നു. ജീവിതം ഇനിയെങ്ങിനെ മുന്നോട്ട് ഉരുട്ടുമെന്ന ആലോചനയാണ് അലങ്കാരമത്സ്യ വില്പനയിൽ എത്തിച്ചത്.

sale of aquarium fishes
അലങ്കാര മത്സ്യങ്ങൾക്കൊപ്പം ജൂഡ്

ജൂഡിന്റെ ജീവിതം കൊവിഡ് കാലത്ത് എല്ലാം നഷ്ടപ്പെട്ടവർക്ക് നൽകുന്ന പ്രതീക്ഷയും പ്രത്യാശയും ചെറുതല്ല. യ്സാന്റ്, ഓസ്കർ, ഫൈറ്റർ, ഹാഫ് ബ്ളാക്ക് ഗപ്പികൾ, എലിഫന്റ് ഇയർ, ആൽബിനോ റെഡ്, എലട്രിക് ബ്ളൂ, കോയഗപ്പി, പ്ളാറ്റിന എന്നീ ഇനങ്ങളിൽപ്പെട്ട അലങ്കാര മത്സ്യങ്ങളെല്ലാം വില്പനയ്ക്കുണ്ട്. ഫൈറ്ററാണ് കൂടുതലും വിറ്റുപോകുന്നത്.

ജീവിക്കണ്ടേ?

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഫൈവ് സ്റ്റാർ ഹോട്ടലിലെ ഷെഫ് ആയിരുന്ന ഹബീതിന്റ ജീവിതം വഴിയാധാരമായി. 27 വയസ്സുകാരനായ ഇയാൾ കൊച്ചി സ്വദേശിയാണ്. മികച്ച ജീവിതം സ്വപ്നം കണ്ട് ഷെഫ് ആയ ഇയാൾക്ക് കോവിഡ് കടുത്ത പ്രതിസന്ധിയായി. ജോലി നഷ്ടപ്പെട്ട് തെരുവിൽ എത്തിയ ഹബീതിന്റെ മനസ്സിൽ ഉദിച്ച ആശയമായിരുന്നു വഴിയരികിൽ കുറഞ്ഞ ചിലവിൽ നാട്ടുകാർക്ക് ഭക്ഷണം വിളമ്പുക എന്നത് .

Tea shop in panampilly nagar
വഴിയോര തട്ടുകട

10 രൂപയാണ് ഒരു ചായക്ക്. കടികൾക്ക് 5 രൂപയും. ഇറാനിയൻ സ്പെഷ്യൽ ചായ ആണ് 10 രൂപക്ക് നൽകുന്നത്. വഴിയോര ഭക്ഷണശാലകൾ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിൽ “കച്ചവടം കുറവാണ്, എങ്കിലും ജീവിക്കണ്ടേ?,” നിറകണ്ണുകളോടെ ആ ചെറുപ്പക്കാരൻ ചോദിക്കുന്നു. ഇതിൽ നിന്നും ലാഭം കിട്ടിയാൽ വിപുലമായി ഒരു വഴിയോര ഭക്ഷണശാല തുടങ്ങണമെന്നാണ് ആ ചെറുപ്പക്കാരന്റെ ആഗ്രഹം.

പനമ്പള്ളി നഗറിന്റെ പാതയോരത്ത് ഇതുപോലെയുള്ള നിരവധി ആയിഷമാരും ഹബീതുമാരും ജൂഡുമാരും ഇനിയുമുണ്ട് . പൊടിയും, വെയിലും, മണ്ണും , മഴയുമൊക്കെ നിറഞ്ഞ പ്രതികൂല സാഹചര്യങ്ങളോടെല്ലാം പൊരുതി ഇവരീ പാതയോരത്ത് കച്ചവടം നടത്തുന്നത് അതിജീവനത്തിന് വേണ്ടിയാണ്. വെല്ലുവിളികളിൽ പതറാതെ ജീവിതത്തെ മുന്നോട്ട് തെളിക്കുകയാണ്. അതെ നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യുമെന്നാണ് ഇവര്‍ പറയുന്നത്.