വാഷിങ്ടണ്‍ ഡിസി:
ലോകം ഉറ്റുനോക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പുതിയ ട്വിസ്റ്റ്. ഇന്നലെ വരെ ട്രംപിനായിരുന്നു വിജയം അനുകൂലമെങ്കില്‍ ഇപ്പോള്‍ ബെെഡന്‍ ട്രംപിനെ കടത്തിവെട്ടുകയാണ്. ഏറ്റവും ഒടുവില്‍ പുറത്തെത്തിയ കണക്കുകള്‍ അനുസരിച്ച് 264 ഇലക്ടറല്‍ കോളേജ് വോട്ടുകളാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ നേടിയിരിക്കുന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിന് 214 ഇലക്ടറല്‍ വോട്ടുകളുമാണ് ലഭിച്ചിരിക്കുന്നത്.
538 അംഗ ഇലക്ടറല്‍ കോളേജിലെ 270 അംഗങ്ങളുടെ പിന്തുണ ലഭിക്കുന്നയാളാണ് പ്രസിഡന്റ് ആവുക. നിര്‍ണായക സംസ്ഥാനങ്ങളായ മിഷിഗണ്‍, വിസ്‌കോന്‍സിന്‍, എന്നിവിടങ്ങളിലും ബൈഡന്‍ വിജയം നേടിക്കഴിഞ്ഞു. അധികാരത്തിലെത്താന്‍ വേണ്ട 270 വോട്ടും ജോ ബൈഡന്‍ ഉറപ്പിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
ജയമുറപ്പെന്ന് ജോ ബൈഡനും വ്യക്തമാക്കി. ട്രംപിന്‍റെ തെറ്റായ നയങ്ങൾ തിരുത്തുമെന്ന് ബൈഡൻ ട്വീറ്റ് ചെയ്തു. പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറിയ നടപടി റദ്ദാക്കുമെന്നും ബൈഡൻ അറിയിച്ചു. പ്രസിഡന്റ് പദവിയിലേക്ക് വിജയിക്കുന്ന സ്ഥാനാർത്ഥി ഒരു ട്രാൻസിഷൻ സംഘത്തെ തയ്യാറാക്കി നിർത്താറുണ്ട്. ജനുവരിയിൽ ഓഫീസ് ചുമതല ഏൽക്കുന്നതിന് സഹായിക്കുന്നതിനാണ് ഈ സംഘം. ബൈഡൻ ബിൽഡ് ബാക്ക് ബെറ്റർ എന്ന പേരിൽ ട്രാൻസിഷൻ വെബ്സൈറ്റും ലോഞ്ച് ചെയ്തു.
അതേസമയം, തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് ട്രംപ് ആരോപിച്ചു. പെൻസിൽവേനിയ, മിഷിഗൻ, ജോർജിയ എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച് ഡോണൾഡ് ട്രംപ് പക്ഷം കോടതിയെ സമീപിച്ചു.ബൈഡൻ ജയിച്ച വിസ്‌കോൻസെനിൽ വീണ്ടും വോട്ടെണ്ണൽ ആവശ്യപ്പെടുമെന്ന് ട്രംപ് പക്ഷം വ്യക്തമാക്കിയിട്ടുണ്ട്.