വിഴിഞ്ഞം പദ്ധതിയിലെ ബിനീഷ് കോടിയേരിയുടെ ബിനാമി ഇടപാടിൽ സംശയം പ്രകടിപ്പിച്ച് അഡ്വ. ഹരീഷ് വാസുദേവൻ. അദാനിയേയും വിഴിഞ്ഞത്തെയും മുന്നിൽ നിർത്തി ബിനീഷിന്റെ ബിനാമി സ്ഥാപനം എന്ന് കരുതുന്ന കെകെ റോക്‌സ് വല്ലതും ചെയ്യുന്നുണ്ടോ എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ ഹൈക്കോടതി, നാഷണൽ ഗ്രീൻ ട്രിബുണൽ എന്നിവിടങ്ങളിലെ അഡ്വക്കേറ്റായ ഹരീഷ് വാസുദേവൻ ചോദിക്കുന്നത്.
അതേപോലെ, വിഴിഞ്ഞം പദ്ധതിയിൽ പാറ നൽകാൻ കരാർ ലഭിച്ച കെകെ റോക്സ് സർക്കാർ ഭൂമിയിൽ നിന്ന് 24 രൂപയ്ക്ക് പാറ എടുത്ത് ഇരട്ടി വിലയ്ക്ക് അദാനിയ്ക്ക് വിറ്റിട്ട്, സർക്കാർ ഇതേ പാറ തന്നെ ഇരട്ടി വിലയ്ക്ക് വാങ്ങുകയാണെന്നാണ് ഹരീഷ് പരിഹാസ രൂപേണ പറയുന്നത്. അദാനിയ്ക്കെതിരെ പ്രസംഗിക്കുന്ന ധനകാര്യമന്ത്രി തോമസ് ഐസക്ക് പക്ഷേ പാറവില ഫിക്സ് ചെയ്ത കരാറിൽ ഇങ്ങനെയൊരു തട്ടിപ്പ് ഉണ്ടോ എന്ന് പരിശോധിക്കില്ലെന്നും പറയുന്നു. 2015ൽ കളക്ടർ റിപ്പോർട്ട് നൽകിയിട്ടും ഒരു സർക്കാരിനും കെകെ റോക്സിനെ തൊടാൻ കഴിഞ്ഞില്ലെന്നും ഹരീഷ് കുറിച്ചു. ഇപ്പോൾ ഇഡി ബിനീഷിന്റെ ബിനാമി ഇടപാട് അന്വേഷിക്കാൻ ആരംഭിച്ചപ്പോൾ മാത്രമാണ് മാധ്യമങ്ങളും കെകെ റോക്സിനെ കുറിച്ച് റിപ്പോർട്ട് ചെയ്യാൻ ആരംഭിച്ചതെന്നും ഹരീഷ് കുറ്റപ്പെടുത്തുന്നു.
അഡ്വ. ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്
https://www.facebook.com/harish.vasudevan.18/posts/10158911967727640
എന്നാൽ, ഹരീഷ് ഉന്നയിക്കുന്നത് വെറും പൊള്ളയായ ആരോപണങ്ങൾ മാത്രമാണെന്ന് ചിലർ കമന്റ്റ് ചെയ്യുന്നു. ഏത് ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും തെളിവ് വേണമെന്ന് പറയുന്ന ഹരീഷ് ഇതിനും തെളിവ് കൊണ്ടുവരൂ എന്നാണ് ചില കമന്റുകൾ.
ബെംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ട് ഇഡി ഇന്നലെ തലസ്ഥാനത്ത് നടത്തിയ റെയ്ഡിൽ ഉൾപ്പെട്ട സ്ഥാപനമായിരുന്നു കെകെ റോക്സ്. ബിനീഷിന്റെ സുഹൃത്തായ അരുൺ വർഗീസിന്റെ പേരിലാണ് സ്ഥാപനം. ബിനീഷും അരുണുമായി വൻകിട സാമ്പത്തിക ഇടപാടുകൾ നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ. കൂടാതെ, വിഴിഞ്ഞം തുറമുഖ പദ്ധതിക്കു കരിങ്കല്ല് നൽകാൻ കെകെ റോക്സിന് കരാറും ലഭിച്ചിട്ടുണ്ട്. ബിനീഷിന്റെ ബിനാമി എന്നാരോപിക്കപ്പെടുന്ന അബ്ദുൽ ലത്തീഫിനും അരുൺ വർഗീസിനും തുല്യ ഓഹരിയുള്ള ക്വാറികളുമുണ്ട്. ഇതിലും ബിനീഷിനു ബിനാമി നിക്ഷേപമുണ്ടെന്നാണ് ഇഡി ആരോപിക്കുന്നത്.