Thu. May 2nd, 2024
Velmuraugan postmortem delayed

കോഴിക്കോട്‌:

വയനാട്ടില്‍ പോലിസ്‌ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദി വേല്‍മുരുഗന്റെ പോസ്‌റ്റ്‌മോര്‍ട്ടം വൈകും. മൃതദേഹം വിട്ടു കിട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയിരുന്നു. ഇതനുസരിച്ച്‌ വയനാട്‌ കളക്‌റ്ററാണ്‌ ബന്ധുക്കള്‍ക്ക്‌ കാണാന്‍ അനുമതി നല്‍കിയത്‌.

ഇവര്‍ തമിഴ്‌നാട്ടില്‍ നിന്ന്‌ പുറപ്പെട്ടുവെന്ന്‌ അറിയിച്ചതിനെത്തുടര്‍ന്ന്‌ നടപടികള്‍ നിര്‍ത്തി വെച്ചു. കോഴിക്കോട്‌ മെഡിക്കല്‍ കൊളെജിലാണ്‌ പോസ്‌റ്റ്‌മോര്‍ട്ടം. കുടുംബാംഗങ്ങള്‍ മൃതദേഹം കണ്ട ശേഷമായിരിക്കും പോസ്‌റ്റ്‌മോര്‍ട്ടം നടത്തുകയെന്ന്‌ പോലിസ്‌ അറിയിച്ചു.

മധുര ജില്ലയിലെ തേനി സ്വദേശിയാണ്‌ വേല്‍മുരുഗന്‍. മാവോയിസ്‌റ്റ്‌ സംഘടനയായ സിപിഎം മാവോയിസ്‌റ്റിന്റെ കബനിദളം രണ്ടിലെ അംഗമാണിയാള്‍. ആസാദ്‌ എന്ന പേരിലാണ്‌ ഇയാള്‍ അറിയപ്പെടുന്നത്‌.

തമിഴ്‌നാട്ടിലെ ക്യു ബ്രാഞ്ച്‌ പോലിസാണ്‌ വേല്‍മുരുഗന്‍ ആണ്‌ മരിച്ചതെന്ന്‌ സ്ഥിരീകരിച്ചത്‌. എന്നാല്‍ ഡിഎന്‍എ പരിശോധനയടക്കം നടത്തി ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ പോലിസ്‌ നടപടികളെടുത്തു.

വെടിവെപ്പ്‌ നടന്ന പടിഞ്ഞാറത്തറ ബാണാസുര വനമേഖലയില്‍ വെടിയേറ്റ്‌ നിലത്തു മരിച്ചു കിടക്കുന്ന നിലയിലാണ്‌ വേല്‍മുരുഗനെ കണ്ടെത്തിയത്‌. നെഞ്ചിലും മുതുകിലും വെടിയേറ്റിട്ടുണ്ട്‌. വലത്‌ കൈയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്‌. ബാലിസ്റ്റിക്‌ സംഘം സംഭവസ്ഥലത്ത്‌ വിവരങ്ങള്‍ ശേഖരിച്ചു.

ചൊവ്വാഴ്‌ച രാവിലെയാണ്‌ വയനാട്‌ പടിഞ്ഞാറത്തറയിലെ ബാണാസുര മലയില്‍ വെടിവെപ്പ്‌ നടന്നത്‌. മാവോയിസ്‌റ്റ്‌ വിരുദ്ധപോരാട്ടത്തിനു രൂപം കൊടുത്ത പ്രത്യേക സായുധപോലിസ്‌ വിഭാഗം തണ്ടര്‍ബോള്‍ട്ട്‌ സംഘമാണ്‌ വേല്‍മുരുഗനെ വെടിവെച്ചുവീഴ്‌ത്തിയത്‌.

ആറംഗസംഘം പട്രോളിംഗിനിറങ്ങിയ പോലിസിനെതിരേ വെടിയുതിര്‍ത്തപ്പോഴാണ്‌ പ്രത്യാക്രമണം നടത്തിയതെന്ന്‌ പോലിസ്‌ അറിയിച്ചു. ഇത്‌ വ്യാജ ഏറ്റുമുട്ടലാണെന്ന്‌ ആരോപിച്ച്‌ പ്രതിപക്ഷം രംഗത്തെത്തിയ സാഹചര്യത്തില്‍ സംഭവം വിവാദമായിട്ടുണ്ട്‌.