Fri. Nov 22nd, 2024

തിരുവനന്തപുരം:

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. സ്വർണക്കടത്ത് കേസ് പ്രതി അബ്ദുല്‍ ലത്തീഫ് ബിനീഷിന്‍റെ ബിനാമിയും വ്യാപാരപങ്കാളിയുമാണെന്നാണ് ഇഡി പറയുന്നത്. കോടതിയില്‍ സമർപ്പിച്ച റിമാന്‍ഡ് റിപ്പോർട്ടിലാണ് ബിനീഷിനെതിരെയുള്ള ഇഡിയുടെ പ്രധാന കണ്ടെത്തലുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ 5 ദിവസത്തിനിടെ ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്തത് 38 മണിക്കൂര്‍ ആയിരുന്നു.

തിരുവനന്തപുരത്തെ ഓൾഡ് കോഫീ ഹൗസ് എന്ന സ്ഥാപനത്തില്‍ ബിനീഷിനും ലത്തിഫിനും പങ്കാളിത്തമുണ്ടെന്ന് എൻഫോഴ്സ്മെന്റ് വ്യക്തമാക്കുന്നു. ബിനീഷിന് ലഹരിക്കടത്തിലൂടെ ലഭിച്ച പണം ലത്തീഫായിരുന്നു കൈവശം വെച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇഡി തീരുമാനം.

അതേസമയം, 2012 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ബിനീഷ് കോടിയേരി വിവിധ അക്കൗണ്ടുകളിലൂടെ മയക്കുമരുന്ന് കേസിലെ മുഖ്യപ്രതി മുഹമ്മദ് അനൂപിന് 5,17,36,600 രൂപ കൈമാറിയതായി ഇഡി പറയുന്നു. ഇതേ കാലയളവില്‍ ബിനീഷ് ആദായ നികുതി വകുപ്പിന് നല്‍കിയ കണക്കുമായി ഈ തുക ഒട്ടും ഒത്തു പോകുന്നതല്ല. ഈ പണം മയക്കുമരുന്ന് കച്ചവടത്തിലൂടെ സമാഹരിച്ചതാണെന്നും റിപ്പോർട്ടിലുണ്ട്. ബിനീഷ് കൊക്കെയ്നടക്കമുള്ള ലഹരി വസ്തുക്കൾ ഉപയോഗിച്ചതായി തങ്ങള്‍ക്ക് വിവിരം ലഭിച്ചിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു.

By Binsha Das

Digital Journalist at Woke Malayalam