തിരുവനനതപുരം :
മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെതിരെ ഗുരുതര ആരോപണവുമായി മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ എം ഷാജഹാൻ. പിണറായി വിജയന്‍റെ സാമ്പത്തിക കാര്യങ്ങളും കുടുംബകാര്യങ്ങളും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും വർഷങ്ങളായി നോക്കിനടത്തുന്ന രവീന്ദ്രനാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ യജമാനനെന്ന് കെ എം ഷാജഹാൻ ആരോപിച്ചു. രവീന്ദ്രന്‍റെ വിശ്വസ്ത വിനീതവിധേയനായിട്ടുള്ള പ്രജ മാത്രമാണ് എം ശിവശങ്കറെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
സിഎം രവീന്ദ്രന്‍റെ ബിനാമി ബന്ധങ്ങളെ കുറിച്ചാണ് വീഡിയോയില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസം ഉള്ള രവീന്ദ്രന്‍ രണ്ട് ലക്ഷത്തിന് അധികം മുകളില്‍ ആണ് പ്രതിമാസം ശമ്പളം വാങ്ങുന്നതെന്നും ആരോപണമുണ്ട്.
1980കളുടെ തുടക്കത്തില്‍ കോഴിക്കോട്ടെ ഒഞ്ചിയത്ത് നിന്ന് അന്ന് എല്‍ഡിഎഫ് കണവീനര്‍ ആയിരുന്ന പിവി കുഞ്ഞിക്കണ്ണന്‍റെ സഹായിയായിട്ടാണ് രവീന്ദ്രന്‍ തിരുവനന്തപുരത്തേക്ക് എത്തിയത്. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ലെന്നും സർക്കാർ തലങ്ങളിൽ ഉന്നതങ്ങളിലേക്ക് വളർന്നുവെന്നും ഷാജഹാൻ ചൂണ്ടിക്കാട്ടുന്നു.
ഊരാളുങ്കൽ സൊസൈറ്റിയുമായും രവീന്ദ്രന് ഇടപാടുണ്ടോയെന്ന് പരിശോധിക്കണം. വടകരയിലെ പ്രമുഖ വസ്ത്രക്കടയുടെ കെട്ടിടത്തിലും വൻകിട ഹോട്ടലിലും തലശേരി പൊലീസ് സ്റ്റേഷന് മുന്നിലെ കെട്ടിടത്തിലും വടകരയിലെ മാളിലും രവീന്ദ്രന് ഷെയറുണ്ടെന്ന് ഷാജഹാൻ ആരോപിക്കുന്നു. രവീന്ദന്‍റെ ബിനാമി ഇടപാടുകളെ കുറിച്ച് തെളിവുകളുണ്ടെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു.