Sat. Jan 18th, 2025
Supreme court rejected Saritha S Nair plea

ന്യൂഡല്‍ഹി:

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ച് വിജയിച്ച ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി സരിതാ എസ് നായര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. കേസിൽ പരാതിക്കാരിയും അഭിഭാഷകനും തുടർച്ചയായി ഹാജരാവാതിരുന്നതോടെയാണ് സുപ്രീംകോടതി ഹർജി തള്ളിയത്. കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് പരാതിക്കാരിയായ സരിത എസ് നായർക്ക് ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്.

വയനാട് സീറ്റില്‍ മത്സരിക്കാന്‍ താന്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക തള്ളിയത് ചോദ്യം ചെയ്താണ് സരിതാ എസ് നായര്‍ ഹര്‍ജി സമര്‍പ്പിച്ചത്. വയനാട് മണ്ഡലത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ചീഫ്‌ ജസ്റ്റിസ് എസ് എ ബോബ്ഡേ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇതേ ആവശ്യമുന്നയിച്ചുള്ള സരിതയുടെ ഹർജി ഹൈക്കോടതി മുമ്പ് തള്ളിയിരുന്നു.

2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാൻ സരിത നൽകിയ നാമനിർദ്ദേശ പത്രിക തള്ളിയിരുന്നു. സോളാർ കേസിൽ സരിതയെ കോടതി ശിക്ഷിച്ച സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു പത്രിക തള്ളിയത്. അതേസമയം രാഹുലിനെതിരെ മത്സരിക്കാൻ അമേഠി മണ്ഡലത്തി‌ൽ നൽകിയ പത്രിക വരണാധികാരി സ്വീകരിക്കുകയും ചെയ്തു. വയനാട്ടിലെ പത്രിക തള്ളിയ നടപടിയിൽ വരണാധികാരിയുടെ ഭാഗത്ത് പിഴവുണ്ടായെന്നും അതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമായിരുന്നു സരിതയുടെ ആവശ്യം.

എന്നാല്‍, സുപ്രീംകോടതി തുടർനടപടികൾക്കായി പലവട്ടം കേസ് വിളിച്ചെങ്കിലും ഒരിക്കൽ പോലും പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയിൽ ഹാജരായില്ല. കോടതി നടപടികൾ ആരംഭിച്ച ശേഷം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്നും ഈ കേസ് പരിഗണിച്ചെങ്കിലും ആരും ഹാജരായില്ല. തുടർന്ന് മറ്റു കേസുകളിലേക്ക് കടന്ന കോടതി പിന്നെയും ഈ കേസ് വിളിച്ചു അപ്പോഴും ആരും കേസിനായി ഹാജരായില്ല. ഇതോടെയാണ് ഹർജി തള്ളാനും കോടതിയുടെ സമയം നഷ്ടപ്പെടുത്തിയ പരാതിക്കാരിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്താനും ചീഫ് ജസ്റ്റിസ് ഉത്തരവിട്ടത്.

By Binsha Das

Digital Journalist at Woke Malayalam