Thu. Apr 25th, 2024
Kummanam Rajasekharan solved fraud case against him

 

തിരുവനന്തപുരം:

ബിജെപി മുൻ കേരള അധ്യക്ഷനും മിസോറാം ഗവർണറുമായിരുന്ന കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കി. 24 ലക്ഷം രൂപയാണ് ഒത്തുതീർപ്പിൻ്റെ ഭാഗമായി പരാതിക്കാരനായ ആറന്മുള സ്വദേശി പി ആര്‍ ഹരികൃഷ്ണന് നൽകിയത്. കിട്ടാനുള്ള മുഴുവൻ പണവും ലഭിച്ചെന്നും എഫ്ഐആർ റദ്ദാക്കാനായി ഹൈക്കോടതിയെ സമീപിച്ചുവെന്നും പരാതിക്കാരൻ വ്യക്തമാക്കി. പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കേസ് പണം കൊടുത്ത് ഒത്തുതീർപ്പാക്കിയത്.

സാമ്പത്തിക തട്ടിപ്പ് കേസിൽ പരാതിക്കാരൻ്റേയും ആരോപണ വിധേയരായവരുടെയും ബാങ്ക് അക്കൗണ്ടുകളുടെ വിവരം തേടി അന്വേഷണ സംഘം ബാങ്കുകൾക്ക് കത്തയച്ചതിന് പിന്നാലെയാണ് നീക്കങ്ങൾ നടന്നത്.

പാലക്കാട് സ്വദേശി വിജയൻ്റെ ഉടമസ്ഥതയിലുള്ള ന്യൂ ഭാരത് ബയോടെക്നോളജീസ് എന്ന കമ്പനിയിൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടത് കുമ്മനത്തിന്റെ മുൻ പിഎ ആയിരുന്ന പ്രവീൺ വി പിള്ളയാണ് എന്നാണ് പരാതിക്കാരൻ മൊഴി നൽകിയത്. നിക്ഷേപം സംബന്ധിച്ച് ശബരിമലയിൽ വച്ച് കുമ്മനം തന്നെ പരാതിക്കാരനുമായി നേരിട്ട് ചർച്ച നടത്തിയെന്നും വ്യക്തമാക്കി. പണം നിക്ഷേപിച്ചിട്ടും ഷെയർ സർട്ടിഫിക്കേറ്റ് നൽകാൻ തയ്യാറായില്ലെന്ന് മൊഴിയിൽ പറയുന്നു.

കേസ് മലയാലപ്പുഴ ഇന്‍സ്‌പെക്ടറാണ് അന്വേഷിക്കുന്നത്. ആറന്മുള സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തതതെങ്കിലും ഇൻസ്പെക്ടർ ക്വാറന്റീനിലായതിനാലാണ് അന്വേഷണം മലയാലപ്പുഴ ഇന്‍സ്‌പെക്ടർക്ക് കൈമാറിയത്. കേസ് രാഷ്ട്രീയ വിവാദമായതോടെ ബിജെപി തന്നെ പൊലീസ് സ്റ്റേഷന് പുറത്ത് വച്ച് ഒത്തുതീര്‍പ്പ് നടത്താൻ ശ്രമം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 24 ലക്ഷം രൂപ ഒത്തുതീർപ്പ് നൽകി കേസ് ഒഴിവാക്കിയത്.

By Athira Sreekumar

Digital Journalist at Woke Malayalam