തിരുവനന്തപുരം:
ശോഭാ സുരേന്ദ്രന് പിന്നാലെ ബിജെപി മുന്‍ ഉപാധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ പി എം വേലായുധനും കെ സുരേന്ദ്രനെതിരെ രംഗത്ത്. സംസ്ഥാന അധ്യക്ഷനെ കണ്ടെത്താൻ നേതാക്കൾക്കിടയിൽ നടന്ന വോട്ടെടുപ്പിൽ സ്ഥാനം ഉറപ്പിക്കാൻ സുരേന്ദ്രൻ പദവികൾ വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം. ശോഭ സുരേന്ദ്രന്റെ പരാതി ശരിയാണെന്നും പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടിട്ടും അർഹിക്കുന്ന സ്ഥാനം നൽകിയില്ലെന്നും പി എം വേലായുധൻ വെളിപ്പെടുത്തി.
‘പുതിയ വെള്ളം വരുമ്പോൾ നിന്ന വെള്ള൦ ഒഴുക്കി കളയുന്ന അവസ്ഥയാണ് ബിജെപിയിൽ. സുരേന്ദ്രൻ നേതൃത്വത്തിലേക്ക് ഉയർന്നതിനെ പിന്തുണച്ചയാളാണ് താൻ. എന്നെയും കെ പി ശ്രീശനെയും തൽസ്ഥാനത്ത് നില നിർത്താം എന്ന് വാക്ക് തന്ന സുരേന്ദ്രൻ വാക്ക് പാലിക്കാതെ വഞ്ചിച്ചു’. പുതിയ ആളുകൾ വരുമ്പോൾ പ്രസ്ഥാനത്തിന് വേണ്ടി കഷ്ടപ്പെട്ടവരെ അർഹിക്കുന്ന പ്രാധാന്യത്തോടെ പാർട്ടി പരിഗണിക്കുന്നില്ലെന്നും വേലായുധൻ ആരോപിച്ചു.
വ്യക്തിവിരോധം മൂലം കെ സുരേന്ദ്രൻ തന്നെ ഒതുക്കിയെന്ന് ആരോപിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ മുൻപ് രംഗത്തെത്തിയിരുന്നു. വിഴുപ്പലക്കലിന് നിന്ന് കൊടുക്കില്ലെന്നും കാര്യങ്ങൾ ഒളിച്ചുവെക്കാൻ ഒരുക്കമല്ലെന്നും തുറന്നടിച്ചു. ദേശീയതലത്തിൽ പ്രവർത്തിക്കുന്നതിനിടെ തന്റെ അനുവാദമില്ലാതെ സംഘടനാ തിരഞ്ഞെടുപ്പിലൂടെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയതായും വ്യക്തമാക്കിയിരുന്നു. പാർട്ടിക്കുളളിലെ ഭിന്നതയെ തുടർന്ന് ഔദ്യോഗിക പരിപാടികളിൽ നിന്നും യോഗങ്ങളിൽ നിന്നും വിട്ടു നിൽക്കുകയാണ് ശോഭ സുരേന്ദ്രൻ.