Mon. Dec 23rd, 2024
CM Pinarayi against central agencies
തിരുവനന്തപുരം:

സ്വര്‍ണക്കടത്തു കേസ്‌ അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ ആഞ്ഞടിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണസംഘത്തിന്റെ ഇപ്പോഴത്തെ ഇടപെടലുകള്‍ സംശയാസ്‌പദമാണ്‌. ആദ്യം ശരിയായ ദിശയിലായിരുന്നു അന്വേഷണം നീങ്ങിയത്‌. എന്നാല്‍ പിന്നീട്‌ ചിലര്‍ ആഗ്രഹിക്കുന്ന വഴിയിലാണ്‌ അന്വേഷണ ഏജന്‍സികള്‍ നീങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായാണ്‌ ഈ വിഷയത്തില്‍ മുഖ്യമന്ത്രി തുറന്ന വിമര്‍ശനത്തിനു തയാറാകുന്നത്‌.

എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌റ്ററേറ്റ്‌ അന്വേഷണപരിധി ലംഘിക്കുകയാണ്‌. കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കുന്നത്‌ അവരുടെ ചുമതലയാണ്‌. എന്നാല്‍ അതിനപ്പുറം നടത്തുന്ന ഇടപെടല്‍ ശരിയാണോ എന്നു പരിശോധിക്കേണ്ടതുണ്ട്‌. അന്വേഷണഏജന്‍സികള്‍ സ്വീകരിക്കേണ്ട പ്രൊഫഷണല്‍ മാനദണ്ഡങ്ങള്‍ അട്ടിമറിക്കപ്പെടുന്നു. ഭരണഘടനയുടെ അന്തസത്ത ലംഘിക്കുന്നു. സര്‍ക്കാര്‍ നടത്തുന്ന പദ്ധതികളില്‍ ഇടപെടാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക്‌ അധികാരമില്ല. ഇത്തരം കൈകടത്തലുകള്‍ രാജ്യത്തിന്റെ ഫെഡറല്‍സംവിധാനത്തിനെതിരാണ്‌.

സ്വര്‍ണക്കടത്തു കേസില്‍ സര്‍ക്കാര്‍ ആദ്യം തന്നെ ശക്തമായ നിലപാടെടുത്തു. കേന്ദ്രസര്‍ക്കാരിനോട്‌ ആദ്യഘട്ടത്തില്‍ത്തന്നെ അന്വേഷണം ആവശ്യപ്പെട്ടു. ആവശ്യമായ എല്ലാ സഹായസഹകരണവും നല്‍കാമെന്ന്‌ അറിയിച്ചു. അന്വേഷണം ന്യായമായ വഴികളിലൂടെ നീങ്ങുമെന്ന്‌ പ്രതീക്ഷയാണ്‌ ആ ഘട്ടത്തില്‍ സര്‍ക്കാരിനുണ്ടായിരുന്നത്‌. എന്നാല്‍ ഏജന്‍സികളുടെ ഭാഗത്തു നിന്നു പിന്നീടുണ്ടായ ചില ഇടപെടലുകള്‍ സംശയമുണ്ടാക്കി.

ഏജന്‍സികള്‍ക്ക്‌ പുറത്തുള്ള വ്യക്തികള്‍ അന്വേഷണം എങ്ങനെ പോകുന്നു എന്നതു സംബന്ധിച്ച്‌ മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുന്നു. ചില മൊഴികള്‍ മാത്രം ചോരുന്നു. അതനുസരിച്ച്‌ അന്വേഷണസംഘങ്ങള്‍ നീങ്ങുന്നു. ജനങ്ങളുടെ വിശ്വാസത്തിനനുസരിച്ചും തെളിവുകളുടെ അടിസ്ഥാനത്തിലും നിഗമനത്തിലെത്തേണ്ട ഏജന്‍സികള്‍ അതില്‍ നിന്നു വ്യതിചലിക്കുമ്പോള്‍ നീതിയെവിടെ എന്ന ചോദ്യം ഉയരുന്നു. അന്വേഷണം സ്വകാര്യമായി നടത്തേണ്ടതാണ്‌. മുന്‍വിധിയോടെയുള്ള അന്വേഷണം പാടില്ല.

തുറന്ന മനസോടെ അന്വേഷണം നടത്തണം. ഏതെങ്കിലും കക്ഷിയെയോ വ്യക്തികളെയോ പ്രതിസ്ഥാനത്തു നിര്‍ത്തണം എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനത്തെ അന്വേഷണമെന്നു പറയാനാകില്ല. സിഎജിയെ ചുമതലപ്പെടുത്തിയ ജോലി ഇ ഡി ചെയ്യേണ്ടതുണ്ടോ. എല്ലാം കേന്ദ്ര ഏജന്‍സികള്‍ കൈയടക്കുന്ന സ്ഥിതിയാണ്‌ ഇപ്പോഴുള്ളത്‌. സംസ്ഥാനസര്‍ക്കാരിനെയാകെ കുറ്റവാളിയെന്ന ദൃഷ്ടിയോടെ കാണുകയും ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുകയും ചെയ്യുന്ന നിലയുണ്ട്‌. രാഷ്ട്രീയ പ്രതിയോഗികള്‍ ചെയ്യാറുള്ള ഇക്കാര്യം അന്വേഷണ ഏജന്‍സികള്‍ക്ക്‌ ആകാമോ എന്നാണ്‌ ചോദ്യം.

സര്‍ക്കാരിന്റെ വികസനപദ്ധതികളെ താറടിച്ചു കാണിക്കാന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. കെ ഫോണ്‍ പദ്ധതി, ലൈഫ്‌ പദ്ധതി തുടങ്ങിയ ജനക്ഷേമപദ്ധതികളെ ലക്ഷ്യമിടുന്നു. എല്ലാവര്‍ക്കും ഇന്‍ര്‍നെറ്റ്‌ ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെയാണ്‌ കെ ഫോണ്‍ പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്‌. ഈ പദ്ധതിക്ക്‌ തുരങ്കം വെക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്‌. എന്തൊക്കെ സംഭവിച്ചാലും പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പതിവു വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകായിരുന്നു മുഖ്യമന്ത്രി.