ലഖ്‌നൗ:
രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കേണ്ടി വന്നാലും താനോ തന്റെ പാർട്ടിയോ ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് ബിഎസ്പി അധ്യക്ഷയും ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മായാവതി. വർഗ്ഗീയ പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ ബിഎസ്പിക്ക് സാധിക്കില്ലെന്ന് മായാവതി പറഞ്ഞു.
രാജ്യസഭ തിരഞ്ഞെടുപ്പിലും സ്റ്റേറ്റ് കൗൺസിൽ തിരഞ്ഞെടുപ്പിലും സമാജ്‌വാദി പാർട്ടി സ്ഥാനാർഥികളെ തോൽപ്പിക്കാനായി ബിജെപിയുടേയോ മറ്റേതെങ്കിലും പാർട്ടിയുടേയോ സ്ഥാനാർഥികളെ പിന്തുണക്കുമെന്ന് മായാവതി മുൻപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ വിവാദങ്ങൾ ശക്തമായതോടെയാണ് നിലപാട് മാറ്റിയത്. തന്റെ വാക്കുകളെ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും വളച്ചൊടിച്ചതായി മായാവതി പറഞ്ഞു.
എല്ലാവർക്കും എല്ലാ മതങ്ങൾക്കും ഗുണമുണ്ടാകണമെന്നാണ് ബിഎസ്പിയുടെ പ്രത്യയശാസ്ത്രം. ഇത് ബിജെപിയുടെ പ്രത്യയശാസ്ത്രത്തിന് നേർവിപരീതമാണ്. വർഗ്ഗീയ, ജാതി, മുതലാളിത്ത പ്രത്യശാസ്ത്രം പിന്തുടരുന്നവരുമായി ബിഎസ്പി സഖ്യമുണ്ടാക്കില്ലെന്നും മായാവതി അഭിപ്രായപ്പെട്ടു.