കാസർഗോഡ്:
മഞ്ചേശ്വരം എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീൻ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ നിർണ്ണായക കണ്ടെത്തലുമായി അന്വേഷണ സംഘം. നിക്ഷേപകരുടെ 10 കോടി ചിലവിട്ട് കമറുദ്ദീനും ജ്വല്ലറി ഉടമ പൂക്കോയ തങ്ങളും ചേർന്ന് ബംഗളൂരുവിൽ ഭൂമി വാങ്ങിയതായാണ് വിവരം. ഭൂമി വാങ്ങിയത് അനധികൃത സ്വത്ത് ഇടപാടിലൂടെയാണെന്ന് അന്വേഷണ സംഘം വിലയിരുത്തി. ഭൂമിയുടെ വിവരങ്ങൾ കമ്പനി രജിസ്റ്ററിലില്ല. എന്നാൽ കേസ് വന്നതോടെ ഭൂമി മറ്റൊരു ഡയറക്ടർക്ക് കൈമാറി.
അനധികൃതമായി ഭൂമി വാങ്ങാനും, കൈമാറ്റം ചെയ്യാനും സഹായിച്ചവരെ അടുത്ത ദിവസങ്ങളിൽ തന്നെ കസ്റ്റഡിയിൽ എടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം ജ്വല്ലറിയുടെ ആസ്തികളിൽ ഉൾപ്പെടുന്ന പതിനൊന്ന് വാഹനങ്ങളിൽ ഒൻപതെണ്ണവും കമറുദ്ദീൻ വിറ്റതായി കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്ന് വാഹനങ്ങളെല്ലാം കണ്ടെുകെട്ടാനുള്ള നടപടിയിലേക്ക് അന്വേഷണ സംഘം നീങ്ങുകയാണ്.
കേസിൽ കമറുദ്ദീൻ എംഎൽഎയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എംഎൽഎയുടെ വീട്ടിലേക്ക് നിക്ഷേപകർ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. 87 വഞ്ചന കേസുകളിൽ പ്രതിയായ കമറുദ്ദീനെതിരായ അന്വേഷണ സംഘത്തിന്‍റെ മെല്ലെപ്പോക്കിൽ വലിയ അതൃപ്തിയുണ്ടെന്നും മുഖ്യമന്ത്രി ഇടപണമെന്നും നിക്ഷേപകർ ആവശ്യപ്പെട്ടു.