Thu. Jan 23rd, 2025
ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുന്ന സിന്ധ്യ

ഭോപ്പാല്‍:

അണികളോടൊപ്പം ബിജെപിയില്‍ മറുകണ്ടം ചാടിയെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയുടെ മനസ്സ് പൂര്‍ണമായും ബിജെപിയിലേക്ക് പോയില്ലയെന്നാണ് ഇപ്പോഴത്തെ ഒരു വീഡിയോ വ്യക്തമാക്കുന്നത്. പറഞ്ഞ് തഴക്കം ചെന്ന വോട്ടഭ്യര്‍ത്ഥന സിന്ധ്യ മറന്നിട്ടുമില്ല. ഇതുപറയാന്‍ വ്യക്തമായ കാരണമുണ്ട്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍  പ്രചാരണത്തിനിടെ ബിജെപിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുന്നതിന് പകരം കോണ്‍ഗ്രസിന് വേണ്ടിയാണ് സിന്ധ്യ വോട്ടഭ്യര്‍ത്ഥന നടത്തിയത്. ഈ നാക്കുപിഴ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുകയാണ്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപിയുടെ സ്ഥാനാര്‍ത്ഥി ഇമാര്‍തി ദേവിയ്ക്ക് വേണ്ടിയുള്ള പ്രചാരണപരിപാടിയിലാണ് സംഭവം. പ്രചാരണറാലിയില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ‘വോട്ട് ഫോര്‍ ഹാന്‍ഡ്, വോട്ട് ഫോര്‍ കോണ്‍ഗ്രസ്’ എന്ന് ആവേശത്തോടെ സിന്ധ്യ പറഞ്ഞത്. ‘കൈപ്പത്തി ചിഹ്നനമുള്ള ബട്ടണ്‍ അമര്‍ത്തി കോണ്‍ഗ്ര’ ഇത്രയുമായപ്പോള്‍ അബദ്ധം പിണഞ്ഞ ജോതിരാദിത്യ സിന്ധ്യ  സ്വയം തിരുത്തി ബിജെപിയ്ക്ക്  വോട്ട് ചെയ്യുകയെന്ന് മാറ്റിപറഞ്ഞു.

എന്തൊക്കെയായാലും കെെപ്പത്തിക്കും കോണ്‍ഗ്രസിനും വോട്ട് ചെയ്യുക എന്നുള്ള സിന്ധ്യയുടെ നാക്ക്പിഴ വീഡിയോ ഇപ്പോള്‍ വെെറലായികൊണ്ടിരിക്കുകയാണ്.

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് സിന്ധ്യ 22 എംഎല്‍എമാര്‍ക്കൊപ്പം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയിലേക്ക് കൂടുമാറിയത്. സിന്ധ്യ അനുകൂലികള്‍ രാജിവെച്ച ഒഴിവിലേക്കടക്കം 28 മണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശില്‍ ചൊവ്വാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

By Binsha Das

Digital Journalist at Woke Malayalam