Fri. Nov 22nd, 2024

ചെന്നെെ:

കൊവിഡ് പ്രതിസന്ധിയില്‍ സിനിമാ മേഖലയ്ക്കുണ്ടായ ആഘാതത്തില്‍ നിന്ന് കരകയറാനുള്ള നീക്കവുമായി തമിഴ്നാട്. സംസ്ഥാനത്തെ സിനിമാ തീയേറ്ററുകള്‍ വീണ്ടും തുറക്കാന്‍ തീരുമാനിച്ചു. പുതിയ തീരുമാനപ്രകാരം ഈ മാസം 10 മുതലാണ് തമിഴ്നാട്ടിലെ തീയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കുക. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാനത്തെ തീയേറ്റര്‍ ഉടമകള്‍ നേരത്തെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

അണ്‍ലോക്ക് 5.0′യുടെ ഭാഗമായി ഒക്ടോബര്‍ 15 മുതല്‍ നിബന്ധനകളോടെ സിനിമാതീയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, കേരളവും, തമിഴ്നാടും, മഹാരാഷ്ട്രയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കൊവിഡ് ഭീതി മൂലം തീയേറ്ററുകള്‍ തുറന്നിരുന്നില്ല. എന്നാല്‍, ആറ് മാസത്തിലധികം തീയേറ്ററുകള്‍ അടച്ചിട്ടത് മൂലം ഒരുപാട് പേരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഇത് കണക്കിലെടുത്താണ് തീയേറ്ററുകള്‍ തുറക്കുന്നത്.

കൂടുതല്‍ ഇളവുകള്‍ അനുവദിച്ചുകൊണ്ട് ലോക്ക് ഡൗണ്‍ ഈ മാസം 30 വരെ നീട്ടിയിരിക്കുകയാണ് തമിഴ്നാട് സര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് തീയേറ്ററുകള്‍ തുറക്കാനുള്ള തീരുമാനവും. മള്‍ട്ടിപ്ലെക്സുകളും ഷോപ്പിംഗ് മാളുകളില്‍ പ്രവര്‍ത്തിക്കുന്നവയും അടക്കമുള്ള തീയേറ്ററുകള്‍ പത്താം തീയ്യതി മുതല്‍ തുറക്കാം. എന്നാല്‍, 50 ശതമാനം സീറ്റുകളിലേക്ക് മാത്രമാണ് ടിക്കറ്റുകള്‍ നല്‍കാനാവുക. സിനിമാ, ടെലിവിഷന്‍ പ്രോഗ്രാം ഷൂട്ടിംഗുകള്‍ പരമാവധി 150 പേരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്താം.

By Binsha Das

Digital Journalist at Woke Malayalam