ന്യൂഡല്‍ഹി:
കേരളപ്പിറവി ദിനത്തില്‍ മലയാളത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് എപ്പോഴും ശാശ്വതമായ സംഭാവനകള്‍ നല്‍കിയ, കേരളത്തിലെ ജനങ്ങള്‍ക്ക് കേരളപ്പിറവി ദിനത്തില്‍ ആശംസകള്‍ നേരുന്നതായി മോദി ട്വീറ്റ് ചെയ്തു.
‘ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് എപ്പോഴും ശാശ്വതമായ സംഭാവനകള്‍ നല്‍കിയ, കേരളത്തിലെ ജനങ്ങള്‍ക്ക് കേരളപ്പിറവി ദിനത്തില്‍ ആശംസകള്‍. കേരളത്തിന്റെ പ്രകൃതി ഭംഗി, ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ആളുകളെ ആകര്‍ഷിച്ചു കൊണ്ട്, കേരളത്തെ ഏറ്റവും പ്രശസ്തമായ വിനോദ കേന്ദ്രങ്ങളിലൊന്നാക്കുന്നു’ -പ്രധാന മന്ത്രി ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, കേരളം പിറന്നിട്ട് ഇന്നേക്ക് 64 വര്‍ഷം തികയുകയാണ്. വെെവിധ്യമേറിയ ഭൂപ്രകൃതിയാല്‍ സമ്പന്നമായ കേരളക്കര രൂപീകരിച്ചത് തന്നെ ഐക്യവും സാഹോദര്യവും വിളിച്ചോതികൊണ്ടായിരുന്നു. തിരുവിതാംകൂർ, കൊച്ചി, മലബാര്‍ എന്നിങ്ങനെ നാനാ ഭാഗങ്ങളില്‍ ചിതറിക്കിടന്ന ഈ ഭൂപ്രദേശങ്ങളെ കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് കേരളം രൂപീകൃതമാകുന്നത്.
എല്ലാ മലയാളികൾക്കും മുഖ്യമന്ത്രി പിണറായി വിജയനും കേരളപ്പിറവിആശംസകൾ നേർന്നു. ഐക്യകേരളപ്പിറവിയിലേക്കു നയിച്ച പ്രമുഖ സാമൂഹിക ധാര നവോത്ഥാനത്തിന്റേതായിരുന്നുവെന്നും സാമൂഹികാനാചാരങ്ങൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തി ആ നവോത്ഥാന ധാരയെ നമുക്കു മുമ്പോട്ടുകൊണ്ടു പോകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷ-ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.