Fri. Nov 22nd, 2024
കോട്ടയം:

കോണ്‍ഗ്രസിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെന്നത്‌ യാഥാര്‍ത്ഥ്യമാണെങ്കിലും പാര്‍ട്ടിയെ ആരും എഴുതിത്തള്ളേണ്ടെന്ന്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സിപിഎം- കോണ്‍ഗ്രസ്‌ കൂട്ടുകെട്ട്‌ അനിവാര്യമാണ്‌. ബിജെപിക്കെതിരേ മതേതരശക്തികള്‍ ഒന്നിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പു സഖ്യം സംബന്ധിച്ച പ്രസ്‌താവനയോട്‌ പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ടിനെ കേരളത്തിലെ സിപിഎം മാത്രമാണ്‌ എതിര്‍ത്തു നിന്നത്‌. കഴിഞ്ഞ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്‌ കൊണ്ടു മാത്രം എട്ടോളം സീറ്റില്‍ ബിജെപി വിരുദ്ധമുന്നണി തോറ്റു. മതേതരശക്തികള്‍ ഒരുമിക്കേണ്ടത്‌ കാലത്തിന്റെ ആവശ്യമായിരിക്കുകയാണ്‌.

സോളാര്‍കേസ്‌ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അന്വേഷിക്കാത്തത്‌ ശരി ഞങ്ങളുടെ ഭാഗത്താണെന്ന ബോധ്യമുള്ളതിനാലാണ്‌. മുല്ലപ്പള്ളിയുടെ വിവാദ പ്രസ്‌താവനയെക്കുറിച്ച്‌ അദ്ദേഹം പ്രതികരിച്ചില്ല.

ശനിയാഴ്‌ചയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ 77മത്‌ പിറന്നാള്‍. ലോകമെമ്പാടുമുള്ള മലയാളികള്‍ അദ്ദേഹത്തിന്‌ ആശംസകള്‍ നേര്‍ന്നു. ഈയിടെ അദ്ദേഹത്തിന്റെ നിയമസഭാ സാമാജികത്വത്തിന്റെ 50ാം വാര്‍ഷികവും ആഘോഷിച്ചിരുന്നു.