ബെംഗളൂരു:
ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്കെതിരെ വീണ്ടും കുരുക്ക് മുറുകുന്നു. നാർക്കോട്ടിക് കൺട്രോൾ ബ്യുറോയും ബിനീഷിനെതിരെ നടപടി തുടങ്ങി. ബിനീഷിനെതിരെ എൻഫോഴ്സ്മെൻ്റ് രജിസ്റ്റർ ചെയ്ത കേസിന്റെ വിവരങ്ങൾ എൻസിബി സോണൽ ഡയറക്ടർ ഇഡി ആസ്ഥാനത്ത് നേരിട്ടെത്തി ശേഖരിച്ചു.
കസ്റ്റഡിയിലുള്ള ബിനീഷിനെ രണ്ടാം ദിവസം ഇഡി ചോദ്യം ചെയ്യുമ്പോഴാണ് വൈകീട്ട് അഞ്ചരയോടെ എൻസിബി സോണൽ ഡയറക്ടർ അമിത് ഗവാഡേ ഇഡി ആസ്ഥാനത്തെത്തിയത്. ശേഷം കേസിന്റെ വിവരങ്ങൾ നേരിട്ട് കൈപ്പറ്റി. മുഹമ്മദ് അനൂപിനെ പ്രതിയാക്കി എൻസിബി രജിസ്റ്റർ ചെയ്ത കേസിൽ ബിനീഷിനെ പ്രതി ചേർക്കുന്നതിനായുള്ള പ്രാഥമിക നടപടിയാണിത്.
അതേസമയം ബിനീഷ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുകയാണെന്നും ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ 8 മണിയോടെ അവസാനിച്ചു. ഇതിനിടെ ഇഡിയുടെ കസ്റ്റഡിയിലുള്ള ബിനീഷിനെ കാണാനുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹെെക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സഹോദരന്‍ ബിനോയ് കോടിയേരി.