Wed. Nov 6th, 2024
തിരുവനന്തപുരം:

പൊതുയോഗത്തില്‍ സ്‌ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ പുലിവാല്‌ പിടിച്ചു. ബലാത്സംഗം ചെയ്യപ്പെടുന്ന സ്‌ത്രീകള്‍ അഭിമാനമുള്ളവരാണെങ്കില്‍ മരിക്കുമെന്നാണ്‌ പ്രസ്‌താവന. സോളാര്‍കേസ്‌ മുന്‍നിര്‍ത്തി യുഡിഎഫിനെതിരേ സര്‍ക്കാര്‍ ശ്രമം നടത്തുന്നുവെന്ന്‌ ആരോപിച്ചു കൊണ്ട്‌ പൊതു യോഗത്തില്‍ നടത്തിയ പരാമര്‍ശമാണ്‌ വിവാദമായത്‌. സോളാര്‍ കേസ്‌ പരാതിക്കാരിക്കെതിരേയാണ്‌ പരാമര്‍ശം നടത്തിയതെങ്കിലും സ്‌ത്രീകളെ മൊത്തത്തില്‍ ആക്ഷേപിക്കുന്ന രീതിയിലുള്ള ആംഗ്യവിക്ഷേപങ്ങളും പുച്ഛവുമാണ്‌ വിനയായത്‌.

”സര്‍ക്കാര്‍ യുഡിഎഫിനെതിരേ ആരെയാണ്‌ രംഗത്തു കൊണ്ടുവരാന്‍ പോകുന്നത്‌, ഓരോ ദിവസവും ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ എന്നെയിതാ ബലാത്സംഗം ചെയ്‌തിരിക്കുന്നു, രാജ്യമാസകലം ഞാന്‍ ബലാത്സംഗത്തിനു വിധേയമായിരിക്കുന്നു എന്നു പറഞ്ഞ ഒരു സ്‌ത്രീയെ അണിയിച്ചൊരുക്കിക്കൊണ്ട്‌ തിരശീലയ്‌ക്കു പിന്നില്‍ നിര്‍ത്തിയിരിക്കുന്നു. എപ്പോഴാണ്‌ ഞാന്‍ രംഗത്തു വരേണ്ടതെന്ന്‌ എന്നാണ്‌ അവര്‍ ചോദിച്ചു കൊണ്ടിരിക്കുന്നത്‌.

മുഖ്യമന്ത്രീ… ഈ കളി ഇവിടെ നടപ്പില്ല. ഈ ബ്ലാക്ക്‌ മെയില്‍ രാഷ്ട്രീയം ഇവിടെ നടക്കില്ല. ഇതൊക്കെ പറഞ്ഞാല്‍ കേള്‍ക്കുന്ന ജനങ്ങള്‍ക്കു കുറേയൊക്കെ തിരിച്ചറിയാന്‍ സാധിക്കും. അങ്ങയുടെ ഈ വൃഥാശ്രമം അവസാനമായി മുങ്ങിച്ചാകാന്‍ പോകുമ്പോള്‍ ഒരു അഭിസാരികയെ കൊണ്ടുവന്ന്‌, ആ അഭിസാരികയെക്കൊണ്ട്‌ എന്തെങ്കിലും കഥപറയാമെന്ന്‌ ആഗ്രഹിച്ചാല്‍ കേമം കേട്ടു നടക്കാം.

നിരന്തരമായി ഒരു സ്‌ത്രീയെ പീഡിപ്പിച്ചു കൊണ്ടിരിക്കുന്നു ഒരു സംസ്ഥാനം മുഴുവന്‍, ഒരു സ്‌ത്രീയെ ഒരിക്കല്‍ പീഡിപ്പിച്ചുവെന്നു പറഞ്ഞാല്‍ നമുക്കു മനസിലാക്കാം. അതു തന്നെ പിന്നീട്‌ നടക്കില്ല. ആത്മാഭിമാനമുള്ള സ്‌ത്രീ ഒന്നുകില്‍ അവിടെ മരിക്കും അല്ലെങ്കില്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കാതിരിക്കുന്ന ഒരു സാഹചര്യമാണ്‌ നമ്മുടെ സമൂഹത്തിലുള്ളത്‌.

പക്ഷേ, തുടരെത്തുടരെ സംസ്ഥാനം മുഴുവന്‍ ഞാനിതാ, എന്നെ ബലാത്സംഗത്തിനു വിധേയയാക്കിയെന്നും വിലപിച്ചു കൊണ്ടിരിക്കുന്ന ഒരു സ്‌ത്രീയെ നിര്‍ത്തിക്കൊണ്ട്‌ സര്‍ക്കാര്‍ രംഗത്തു വരാന്‍ പോകുന്നുവെന്നാണ്‌ ഉന്നതരായ പോലിസുകാര്‍ പറഞ്ഞിരിക്കുന്നത്‌” എന്നായിരുന്നു മുല്ലപ്പള്ളിയുടെ വാക്കുകള്‍. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്‌ത യുഡിഎഫിന്റെ വഞ്ചാനാദിനത്തില്‍ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.

പ്രസംഗം കഴിഞ്ഞതോടെ ചില കേന്ദ്രങ്ങളില്‍ നിന്ന്‌ വിവാദമായെന്ന്‌ അറിവു കിട്ടിയതിനെത്തുടര്‍ന്ന്‌ അദ്ദേഹം ഖേദം അറിയിച്ചു. പറഞ്ഞ കാര്യങ്ങള്‍ സ്‌ത്രീവിരുദ്ധമാണെങ്കില്‍ നിര്‍വ്യാജം ഖേദമറിയിക്കുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു. വിവാദമായതോടെ ഖേദപ്രകടനം നടത്തിയെങ്കിലും വലിയ വിമര്‍ശനം ഏറ്റു വാങ്ങാനിടയുള്ള പരാമര്‍ശമാണിത്‌. സ്‌ത്രീകള്‍ക്കെതിരേ നടക്കുന്ന അക്രമങ്ങളെ പൊതുവത്‌കരിക്കുന്നതും ഇരകള്‍ മരിക്കേണ്ടവരാണെന്നുമുള്ള ചിന്തയുമാണ്‌ പരാമര്‍ശത്തില്‍ മുഴച്ചു നില്‍ക്കുന്നത്‌.

മാസങ്ങള്‍ക്കിടെ ഇത്‌ രണ്ടാം തവണയാണ്‌ മുല്ലപ്പള്ളി പരസ്യമായി സ്‌ത്രീവിരുദ്ധപ്രസ്‌താവന നടത്തുന്നത്‌. നേരത്തേ മന്ത്രി കെ കെ ശൈലജയ്‌ക്കെതിരേ നടത്തിയ പ്രസ്‌താവന അദ്ദേഹത്തിനെതിരേ ശക്തമായ പ്രതിഷേധം ക്ഷ്‌ണിച്ചു വരുത്തിയിരുന്നു.