Wed. Jan 8th, 2025
ED questioning Santhosh Eapen, U V Jose on Life Mission case

 

കൊച്ചി:

വടക്കാഞ്ചേരി ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് സിഇഒ യു വി ജോസ്, യൂണിടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പൻ എന്നിവരെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യുന്നു. കള്ളപ്പണ ഇടപാടിൽ എം ശിവശങ്കറിന്‍റെ പങ്കാളിത്തം, ഗൂഡാലോചന എന്നിവയിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. അതേസമയം കേസിൽ സ്വപ്ന സുരേഷിനെയും ശിവശങ്കറിനൊപ്പം ചോദ്യം ചെയ്യാൻ ഇഡി നിയമ നടപടി ആരംഭിച്ചു.

ലൈഫ് മിഷൻ കരാർ ലഭിക്കാൻ നാല് കോടി നാൽപ്പത്തി എട്ട് ലക്ഷം രൂപയ്ക്ക് പുറമെ അഞ്ച് ഐ ഫോൺ കൂടി സ്വപ്ന സുരേഷിന് നൽകിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. കമ്മീഷൻ തുക നൽകിയപ്പോൾ മാത്രമാണ് ലൈഫ് മിഷന്‍റെ മേൽനോട്ട ചുമതലയുണ്ടായിരുന്ന എം ശിവശങ്കറിനെ കാണാൻ സ്വപ്ന ആവശ്യപ്പെട്ടതെന്നും വ്യക്തമാക്കിയിരുന്നു. കരാർ നൽകിയത് വഴി സ്വപ്നയ്ക്ക് ലഭിച്ച കമ്മീഷൻ തുക ശിവശങ്കറിന്‍റെ സുഹൃത്തായ വേണുഗോപാലിന്‍റെയും സ്വപ്നയുടെയും സംയുക്ത ലോക്കറിൽ നിന്നാണ് കണ്ടെത്തിയത്. ഈ പണം ശിവശങ്കറിന്‍റേത് കൂടിയാണോ എന്ന് തെളിയിക്കാനാണ് നിലവിൽ മൂവരെയും ഒരുമിച്ച് ചോദ്യം ചെയ്യുന്നത്.

ഇതുകൂടാതെ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, സരിത് എന്നിവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ ഇഡി കോടതിയെ സമീപിച്ചു. ശിവശങ്കറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യൽ വേണമെന്നാണ് കോടതിയിൽ ഇഡി വ്യക്തമാക്കിയത്.

By Athira Sreekumar

Digital Journalist at Woke Malayalam